പഞ്ചായത്തിനെ മറന്ന കൊടിക്കുന്നില്‍ സുരേഷിനെ ട്രോളി യു.ഡി.എഫ് ഭരണസമിതി

സ്വന്തം എംപി ആരെണെന്നത് പോലും മറന്ന് പോയ അവസ്ഥയിലാണ് മണ്‍റോതുരുത്ത് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതി. പക്ഷെ കുഴപ്പം ഭരണസമിതിയുടേതല്ല എം.പിയുടേത് തന്നെയെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത എം.പിയെ ഇത്രയും മനോഹരമായി ട്രോളിയ മണ്‍റോതുരുത്ത് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയെ ഒരുവിഭാഗം അഭിനന്ദിക്കുന്നുമുണ്ട്. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിന്റെ മണ്ഡലത്തിന് കീഴിലാണ് മണ്‍റോതുരുത്ത് പഞ്ചായത്ത്. പക്ഷെ പഞ്ചായത്തിലെ ആശുപത്രി മാനേജ്കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവിനെ നിശ്ചയിച്ചപ്പോള്‍ ഭരണസമിതി തീരുമാനിച്ചത് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രനെ.

കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറും സെക്രട്ടറിയും എന്‍.കെ.പ്രേമചന്ദ്രനെ സ്ഥിരം ക്ഷണിതാവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. എംപിയായി ജയിച്ച ശേഷം കൊടിക്കുന്നില്‍ സുരേഷ് മണ്‍റോതുരുത്ത് പഞ്ചായത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന പരാതിയിലാണ് പ്രദേശത്തെ ജനങ്ങള്‍. രാഷ്ട്രീയഭേദമെന്യേ എം.പിക്കെതിരെ പഞ്ചായത്തില്‍ നിലനില്‍ക്കുന്ന അതൃപ്തിയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പ്രകടിപ്പിച്ചതെന്ന അഭിപ്രായം സോഷ്യല്‍മീഡിയയില്‍ വലിയൊരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. എംപിയെ കോണ്‍ഗ്രസുകാര്‍ പോലും മറന്ന സാഹചര്യത്തില്‍ ജനം എങ്ങനെ ഓര്‍ക്കുമെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News