പോളിംഗ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ ത്രിപുരയില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ട് ബിജെപി. വോട്ടുചെയ്യാനെത്തുന്നവരെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി തടയുന്നു എന്ന പരാതിയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സൗത്ത് ത്രിപുരയിലെ ശാന്തിര്‍ ബസാര്‍ ബൂത്തില്‍ ആളുകളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വോട്ടെടുപ്പ് രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ നിരവധി ബൂത്തുകളില്‍ നിന്നാണ് ഇത്തരം പരാതികള്‍ ഉയരുന്നത്. നേരത്തെ 2019ലെ പൊതുതിരഞ്ഞെടുപ്പിലും ത്രിപുരയിലെ പ്രാദേശിക തിരഞ്ഞെടുപ്പിലും സമാനമായ നിലയില്‍ ആളുകളെ വോട്ടുചെയ്യാന്‍ സമ്മതിക്കാതെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
സിപിഐഎമ്മിന്റെ സിറ്റിങ്ങ് മണ്ഡലമായ ബിശാല്‍ഘട്ടില്‍ തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ രണ്ടിടത്തായി ബോംബാക്രമണം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഗൗതം നഗറില്‍ തരുണ്‍ ദേബ്നാഥ്, മുരാബാഡിയില്‍ അസീം ദേബ് നാഥ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.
സംസ്ഥാനത്ത് നിക്ഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്ന് സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സുഗമമാക്കി നടത്തുന്നതിനായി ത്രിപുരയില്‍ 400 കമ്പനി കേന്ദ്രസേനയെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 3337 പോളിംഗ് സ്റ്റേഷനുകളില്‍ 1128 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. അതില്‍ 28 ബൂത്തുകള്‍ അതീവ പ്രശ്‌നബാധിതമാണെന്നാണ് റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here