പശുക്കളുടെ അടുത്ത് നിന്നാല്‍ മനസ്സ് നിറയും, കേരളത്തില്‍ നിന്നൊരു പശുക്കുറിപ്പ്

പശുവിനെ വിശുദ്ധമുഖമാക്കി പ്രതിഷ്ഠിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ നീക്കം രാജ്യത്ത് സംഘര്‍ഷത്തിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പശു സ്നേഹികളായ സംഘപരിവാര്‍ നേതാക്കള്‍ ദിനംപ്രതി വിളമ്പുന്ന വിഡ്ഢിത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ്. പ്രണയദിനത്തില്‍ പശുക്കളെ കെട്ടിപ്പിടിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവാണ് ഈ ജനുസ്സില്‍ ഇറങ്ങിയ വഡ്ഢിത്ത പരമ്പരയില്‍ അവസാനത്തേത്. പശുവിനെ ആലിംഗനം ചെയ്താല്‍ രോഗങ്ങള്‍ അകലും ബിപി കുറയും തുടങ്ങിയ വിഡ്ഢിത്തരങ്ങള്‍ പങ്കുവച്ചത് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി തന്നെയായിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷിക്കാന്‍ പശുവിശേഷങ്ങള്‍ വിളമ്പാന്‍ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ നേതാക്കള്‍ മത്സരിക്കുകയാണ്.

കേരളത്തില്‍ നിന്നും വരുന്ന ഒരുപശുക്കുറപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. നടന്‍ കൃഷ്ണകുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്. ‘ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്’ പശുപോസ്റ്റില്‍ പ്രതികരണം മുന്‍കൂട്ടി കണ്ടെന്നപോലെ കൃഷ്ണ കുമാര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഇന്‍സ്റ്റാഗ്രം കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം

നമസ്‌കാരം സഹോദരങ്ങളേ,

ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തില്‍ചില കാര്യങ്ങള്‍ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങള്‍ പറയും.

പേരില്‍ത്തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നില്‍ക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും.

ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവന്‍ നിലനിര്‍ത്തിയതും വളര്‍ന്നു വലുതായതും അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോള്‍ സൗകര്യമുണ്ടായാലും ഞാന്‍ ഇവര്‍ക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാന്‍, ഞാന്‍ ആഗ്രഹിക്കുന്നു.

ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.

മനസ്സുനിറഞ്ഞു നിര്‍ത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News