സ്ഥാനാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയത് മുല്ലപ്പള്ളി പറഞ്ഞിട്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പണം വാങ്ങിയെന്ന ആരോപണം മുന്‍ എം.പി പിജെ.കുര്യന്‍ ഉയര്‍ത്തിയിരുന്നു. പണം വാങ്ങിയത് കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന് വാര്‍ത്ത സമ്മേളനത്തില്‍ ബാബു ജോര്‍ജ് വെളിപ്പെടുത്തി. വീക്ഷണം ഫണ്ടാണ് വാങ്ങിയത്. അങ്ങനെ സമാഹരിച്ച 10 ലക്ഷം രൂപ മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയിരുന്നുവെന്നും ബാബു ജോര്‍ജ് പറഞ്ഞു.

താന്‍ പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പിജെ.കുര്യന്റെ കൈകള്‍ ശുദ്ധമാണോ എന്ന ചോദ്യവും ബാബുജോര്‍ജ് ഉയര്‍ത്തി. പിജെ.കുര്യന്‍ ട്രസ്റ്റിന്റെ വരുമാനം അദ്ദേഹത്തിന്റെ ശമ്പളം മാത്രമാണോ?. അഴിമതിക്കാരുടെ കയ്യില്‍ നിന്ന് ട്രസ്റ്റ് പണം വാങ്ങുന്നതും അഴിമതിയാണ്. തെണ്ടി നടക്കേണ്ട അവസ്ഥ ബാബു ജോര്‍ജിന് ഇല്ല. ഒരൊറ്റ ഡിസിസി അദ്ധ്യക്ഷന്മാരെ സമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ പിജെ.കുര്യന്‍ അനുവദിച്ചിട്ടില്ല. ഫിലിപ്പോസ് തോമസിനെ പാര്‍ടിയില്‍ നിന്ന് ഓടിച്ചത് പിജെ.കുര്യനാണെന്നും ബാബു ജോര്‍ജ് ആരോപിച്ചു.

പത്തനംതിട്ട ഡിസിസി ഓഫീസില്‍ അക്രമം ഉണ്ടാക്കിയതിന് ബാബു ജോര്‍ജിനെ കെ.പി.സിസി സസ്‌പെന്റെ ചെയ്തിരുന്നു. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയും മോശം പെരുമാറ്റം ഉണ്ടായതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒരു നോട്ടീസ് പോലും തരാതെയാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായതെന്ന് ബാബു ജോര്‍ജ് കുറ്റപ്പെടുത്തി. ഗ്രൂപ്പ് യോഗം ചേര്‍ന്ന ശേഷമായിരുന്നു കെ.പി.സി.സി ജന.സെക്രട്ടറി പഴകുളം മധു ഡിസിസി യോഗത്തില്‍ പങ്കെടുത്തതെന്ന ആരോപണവും ബാബു ജോര്‍ജ് ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here