ഡി സി സി പ്രസിഡന്റിന്റെ ജാതി അധിക്ഷേപം; യുവതി ഹൈക്കോടതിയിലേക്ക്

വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ ജാതി അധിക്ഷേപത്തിന് ഇരയായ യുവതി ഹൈക്കോടതിയിലേക്ക്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്‍ ഡി അപ്പച്ചനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന യുവതിയാണ് പരാതിക്കാരി.

എന്‍ ഡി അപ്പച്ചന്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ കൃത്യമായ തെളിവുകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അപ്പച്ചനെതിരെ പട്ടിക വര്‍ഗ്ഗ കമ്മീഷനെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ തെളിവുകളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികവര്‍ഗ സംവരണ സീറ്റായ വെള്ളമുണ്ട ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു യുവതി. ഈ തെരഞ്ഞെടുപ്പില്‍ തോറ്റതിനെതുടര്‍ന്ന് വെള്ളമുണ്ടയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ ഡി സി സി പ്രസിഡന്റ് തന്നെ ക്രൂരമായ ഭാഷയില്‍ അധിക്ഷേപിച്ചുവെന്നാണ് പരാതി.

ബ്ലോക്ക് പഞ്ചായത്ത് സീറ്റില്‍ പരാജയപ്പെട്ടത്, കാണാന്‍ ഭംഗിയില്ലാത്തവളായതുകൊണ്ടാണ് എന്ന് സൂചിപ്പിക്കുന്ന അധിക്ഷേപ വാക്ക് എന്‍ ഡി അപ്പച്ചന്‍ ഉപയോഗിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ദേശീയ നേതാക്കള്‍ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തത് വേദനയുണ്ടാക്കിയെന്നും പൊതുപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും യുവതി മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച എന്‍ ഡി അപ്പച്ചനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ക്ക് യുവതി പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എന്‍.ഡി അപ്പച്ചനെതിരെ ഉയര്‍ന്ന ആരോപണം കെ.പി.സി.സി അന്വേഷിച്ചിരുന്നു. പരാതി പരിശോധിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് അപ്പച്ചനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കെ പി സി സി അധ്യക്ഷന് സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News