ബാലറ്റ്പെട്ടി കാണാതായ സംഭവം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം

പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ ബാലറ്റ്പെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ബാലറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടി കോടതിമുറിക്കുള്ളില്‍വെച്ച് തുറന്ന് പരിശോധിക്കാനും കോടതി തീരുമാനിച്ചു. നിലവില്‍ ഹൈക്കോടതിയുടെ കൈവശമുള്ള ബാലറ്റ് പെട്ടി വ്യാഴാഴ്ച്ച തുറന്ന് പരിശോധിക്കും. തുറന്ന കോടതിയില്‍ ജഡ്ജിന്റെ സാന്നിധ്യത്തിലായിരിക്കും പരിശോധന. പരാതിയുണ്ടെങ്കില്‍ വ്യാഴാഴ്ച്ചയ്ക്കകം അറിയിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാലറ്റുകള്‍ അടങ്ങിയ പെട്ടി എങ്ങനെ ട്രഷറിയില്‍ നിന്ന് മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെത്തി. ഈ സംഭവത്തില്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. പെട്ടിയില്‍ എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടോ എന്നിവയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പെരിന്തല്‍മണ്ണ സബ് ട്രഷറിയിലെ സ്‌ട്രോംഗ് റൂമില്‍ നിന്നാണ് ബാലറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടി കാണാതായത്. ഇത് പിന്നീട് മലപ്പുറം സിവില്‍ സ്റ്റേഷനിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കണ്ടെത്തിയിരുന്നു. പെരിന്തല്‍മണ്ണയിലെ നിയമസഭ തെരഞ്ഞെടുപ്പ് ജയത്തെ ചോദ്യംചെയ്തുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഈ സംഭവം.

38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ യുഡിഎഫ്. സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 340 തപാല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്കാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ രംഗത്ത് എത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതാവുന്നത്.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. തപാല്‍ വോട്ടുകള്‍ അടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News