വിളര്‍ച്ച ഇനി വളര്‍ച്ച; വരുന്നു, വിവ കേരള

വിളര്‍ച്ച മുക്ത കേരളത്തിനായി ‘വിവ കേരള’ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച അഥവാ രക്തക്കുറവ് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഓരോ വ്യക്തിയുടേയും ആരോഗ്യ സംരക്ഷണത്തില്‍ വിളര്‍ച്ച ഒഴിവാക്കുക എന്നത് പ്രധാനമാണ്. എല്ലാ പ്രായക്കാരുടെ വിഭാഗങ്ങളിലും രാജ്യത്തെ ഏറ്റവും വിളര്‍ച്ച കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വിളര്‍ച്ച, കുഞ്ഞുങ്ങളില്‍ അവരുടെ ബൗദ്ധിക വളര്‍ച്ചയെത്തന്നെ ദോഷകരമായി ബാധിക്കാറുണ്ട്. അതിനാല്‍ തന്നെ, അതിനൊരു ഇടപെടല്‍ അനിവാര്യമാണ്. ആദ്യം വിളര്‍ച്ചയുണ്ടോ എന്നത് പരിശോധിച്ച് കണ്ടെത്തേണ്ടതുണ്ട്. തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്തണം. ആഹാരശീലങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. വിളര്‍ച്ച വലിയ തോതില്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മതിയായ ചികിത്സയും നേടേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണ ആരോഗ്യമുള്ളവരായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം എന്ന പേരില്‍ വലിയൊരു ക്യാമ്പയിൻ ആരംഭിക്കുകയാണെന്നും ഓരോരുത്തരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവ കേരളത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് കണ്ണൂരില്‍ നിര്‍വ്വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News