ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസവും തുടരുകയാണ്. രണ്ട് ഷിഫ്റ്റുകളിലായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ പരിശോധന തുടരുന്നത്. ബിബിസിയുടെ 10 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ റെയ്ഡ് തുടങ്ങിയത് മുതല്‍ പുറത്ത് പോകാനാവാതെ ഓഫീസില്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍, ബിബിസി വാര്‍ത്താ സംപ്രേഷണത്തിന് ഇതുവരെ തടസ്സം നേരിട്ടിട്ടില്ല. വാര്‍ത്താ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഓഫീസിലെത്തി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.
നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയെന്നാണ് സൂചന. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ 2 രാത്രിയും 3 പകലുമാണ് 10 ജീവനക്കാര്‍ക്ക് ഓഫീസില്‍ തന്നെ തുടരേണ്ടിവന്നത്. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് പരാമര്‍ശിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരിശോധന നടക്കുന്നത്.
അതേസമയം, വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യുന്ന മറ്റ് ഹര്‍ജികള്‍ ഏപ്രിലില്‍ പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here