മസാല ബോണ്ടിലെ രാഷ്ട്രീയ ദുഷ്ടലാക്ക് പൊളിയുന്നു

2018ല്‍ മസാല ബോണ്ട് സ്വീകരിക്കാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നു എന്ന ആര്‍ബിഐ സത്യവാങ്ങ് മൂലം ഇ.ഡിയുടെ നിലപാടുകളിലെ അനാവശ്യ താല്‍പ്പര്യം തുറന്നു കാണിക്കുന്നതായി വിലയിരുത്തല്‍. മസാല ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇ ഡിയുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന തോമസ് ഐസക്ക് അടക്കമുള്ള ഇടതുപക്ഷ നേതാക്കളുടെ വാദത്തെ കൂടിയാണ് ആര്‍ബിഐ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം സാധൂകരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു പരാമര്‍ശവും ആര്‍ബിഐ സത്യവാങ് മൂലത്തില്‍ ഇല്ല എന്നതാണ് ശ്രദ്ധേയം. അന്ന് നിലവിലുണ്ടായിരുന്ന റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചും രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയോടെയുമാണ് കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചത് എന്നതിലും സത്യവാങ്ങ്മൂലത്തിലൂടെ വ്യക്തത വന്നിരിക്കുകയാണ്. നിയമലംഘനം ഉണ്ടെങ്കില്‍ അതിന് വ്യക്തത വരുത്തേണ്ടത് റിസര്‍വ്വ് ബാങ്കാണ്. അതേ റിസര്‍വ്വ് ബാങ്കാണ് കണക്കുകള്‍ എല്ലാം മാസവും കൃത്യമായി നല്‍കിയിട്ടുണ്ട് എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

ധനകാര്യമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്ക് അടക്കമുള്ള സിപിഐഎം നേതാക്കളെ ലക്ഷ്യം വെച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇ ഡി കിഫ്ബി മസാലബോണ്ടുകളെക്കുറിച്ചുള്ള അനേഷണം ആരംഭിച്ചത്. തുടര്‍ന്ന് രണ്ടുവട്ടം ഇഡി തോമസ് ഐസക്കിന് സമന്‍സ് അയച്ചിരുന്നു. ഐസക്ക് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഐസക്കിന്റെ വാദങ്ങള്‍ അംഗീകരിച്ച് ഹൈക്കോടതി ഇ ഡി അയച്ച തുടര്‍ സമന്‍സുകള്‍ മരവിപ്പിച്ചു. രണ്ടു മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് സമന്‍സ് അയക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കേസ് പരിഗണിച്ച ഹൈക്കോടതിയാണ് കേസില്‍ ആര്‍ബിഐയെ കക്ഷി ചേര്‍ത്തത്. ആര്‍ബിഐയോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ഗൗരവത്തിലെടുക്കാതെ സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തി കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുന്ന അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്ന ആര്‍ബിഐ നിലപാടിനെതിരെ കോടതി കര്‍ശന സമീപനം സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ഇപ്പോള്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News