തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഗ്രൂപ്പ് ഇടപെട്ടുവെന്ന ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ഇന്ത്യയിലടക്കം രാഷ്ട്രീയ വിവാദമാകുന്നു. ഇന്ത്യയിലടക്കം ലോകത്തെ മുപ്പതിലധികം തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഗ്രൂപ്പിന്റെ അനധികൃത ഇടപെടലുണ്ടായതായാണ് ഗാര്‍ഡിയന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ വ്യാജപ്രചാരണം നടത്തിയെന്നാണ് ഗാര്‍ഡിയന്‍ വെളിപ്പെടുത്തല്‍. ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടീം ഹോര്‍ഹെ’ എന്ന ഗ്രൂപ്പാണ് തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ട് കൃത്രിമം കാണിച്ചത്. ഇസ്രായേല്‍ ഗ്രൂപ്പ് വ്യാജമായ സോഷ്യല്‍മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും മറ്റും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരു പ്രത്യേക പക്ഷത്തിന് അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ദ് ഗാര്‍ഡിയന്‍ ഉള്‍പ്പെടെ മുപ്പതിലേറെ മാധ്യമങ്ങളുടെ കൂട്ടായ്മ ആറു മാസം സമയമെടുത്ത് രഹസ്യാന്വേഷണം നടത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അന്വേഷണം നടത്തിയതെന്നും മാധ്യമ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, യുകെ, യുഎസ്, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, മെക്‌സിക്കോ, സെനഗല്‍, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ഇസ്രായേല്‍ മുന്‍ സ്‌പെഷല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ തല്‍ ഹനാന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഒരു വന്‍കിട കമ്പനിക്കു വേണ്ടി തങ്ങള്‍ ഈ രീതിയിലുള്ള ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്പനി ഏതാണെന്നോ ഏതു തെരഞ്ഞെടുപ്പിലാണ് ഇടപെട്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി ലക്ഷ്യം നേടുകയെന്നതായിരുന്നു ടീം ഹോര്‍ഹെയുടെ ദൗത്യം. കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’.
ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അധികാരത്തില്‍ തുടരാന്‍ മോദി ഇസ്രായേല്‍ ഗ്രൂപ്പിന്റെ സഹായം തേടിയെന്നും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഇത് നേരിട്ടു ബാധിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേര, സുപ്രിയ ശ്രീനേത് എന്നിവര്‍ ആരോപിച്ചു. പ്രധാനമന്ത്രി ജനാധിപത്യത്തോട് കളിക്കുകയാണെന്നും, വിദേശനേതാക്കളെയും ഏജന്‍സികളെയും കൂട്ടുപിടിച്ച് രാജ്യത്തിനെതിരായാണ് പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ ഫോളവേഴ്സില്‍ 60 ശതമാനത്തിലേറെയും വ്യാജന്മാരാണെന്നും ബിജെപിക്ക് വേണ്ടി ട്വിറ്ററില്‍ വ്യാജപ്രചാരണം നടത്താന്‍ 18,000 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here