ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങി ഷവോമിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ്
സ്മാര്‍ട്ട്‌ഫോണായ ഷവോമി 13 പ്രോ. ഫെബ്രുവരി 26ന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ ഈ പുത്തന്‍ ഡിവൈസ് രാജ്യത്ത് അവതരിപ്പിക്കും. ആകര്‍ഷകമായ ഒട്ടേറെ സവിശേഷതകളുമായിട്ടാണ് ഷവോമി 13 പ്രോ ഇന്ത്യയിലെത്തുന്നത്. ആമസോണ്‍ വഴിയായിരിക്കും ഡിവൈസിന്റെ വില്‍പ്പന ഇന്ത്യയില്‍ നടത്തുക. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വില്‍പ്പന നടക്കും.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്‌സെറ്റ്, 6.78 ഇഞ്ച് 2K E6 AMOLED ഡിസ്‌പ്ലേ, 120W ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി, ലെയ്കയുമായി സഹകരിച്ച് നിര്‍മ്മിച്ച പിന്‍ ക്യാമറ സെറ്റപ്പ് തുടങ്ങിയ പ്രത്യേകതകളാണ് ഷവോമി 13 പ്രോ സ്മാര്‍ട്ട്‌ഫോണിലുള്ളത്. എന്നാല്‍, ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ലോഞ്ച് ഇവന്റില്‍ വച്ച് കമ്പനി ഡിവൈസിന്റെ വിലയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്. ഡിവൈസിന്റെ ചൈനയിലെ വില ആരംഭിക്കുന്നത് 4,999 യുവാന്‍(ഏകദേശം 60,000 രൂപ) മുതലാണ്.
ചൈനയില്‍ ലോഞ്ച് ചെയ്ത ഷവോമി 13 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ LTPO 3.0 ടെക്നോളജിയുള്ള 6.78 ഇഞ്ച് 2K E6 AMOLED ഡിസ്പ്ലേയാണുള്ളത്. ഡിസ്‌പ്ലേക്ക് HDR10+, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. 1920Hz PWM ഡിമ്മിങ്ങും ഡിസ്‌പ്ലേക്കുണ്ട്. ഈ പുത്തന്‍ സ്മാര്‍ട്ട്‌ഫോണില്‍ പൊടി, വെള്ളം എന്നിവ പ്രതിരോധിക്കുന്നതിനുള്ള IP68 റേറ്റിങ്ങുമും നല്‍കിയിട്ടുണ്ട്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്. 4820mAh ബാറ്ററിയാണ് ഷവോമിയുടെ ഈ ഫ്‌ലാഗ്ഷിപ്പില്‍ ഉള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 120W വയേഡ് ചാര്‍ജിങ് സപ്പോര്‍ട്ടും 50W വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഡിവൈസില്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണില്‍ 10W റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ്ങും സപ്പോര്‍ട്ട് ചെയ്യും.
ജര്‍മ്മന്‍ ക്യാമറ കമ്പനി ലെയ്കയുമായി സഹകരിച്ച് ഒപ്റ്റിമൈസ് ചെയ്ത മൂന്ന് പിന്‍ ക്യാമറകളാണ് ഷവോമി 13 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 50 എംപി 1-ഇഞ്ച് Sony IMX989 സെന്‍സറാണ്. 50 എംപി 115-ഡിഗ്രി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി 3.2x ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് മറ്റ് ക്യാമറകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി സ്മാര്‍ട്ട്‌ഫോണില്‍ 32 എംപി ക്യാമറയും ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here