കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രധാനപ്രതി അനില്‍ കുമാര്‍ പിടിയില്‍

കുട്ടിയെ ദത്തെടുക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി അനില്‍ കുമാറാണ് അറസ്റ്റിലായത്. മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മൂന്നാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ അനില്‍കുമാറിനെതിരെയുള്ള തെളിവുകള്‍ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കളമശേരി മെഡിക്കല്‍ കോളജിലെത്തി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടയില്‍ അനില്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നല്‍കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. അനില്‍ കുമാറിനെതിരെ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

ആശുപത്രിയിലെത്താത്ത യുവതിയുടെ പേരില്‍ ഒപി, ഐപി രേഖകളുണ്ടാക്കി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കി എന്നതാണ് കേസ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് അനില്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News