കൊല്ലത്ത് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് 1.30 ലക്ഷം കവര്‍ന്നു

കൊല്ലം നഗരത്തിലെ അഞ്ച് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് രണ്ടിടങ്ങളില്‍ നിന്നായി 1.30 ലക്ഷം രൂപ കവര്‍ന്നു. മറ്റ് മൂന്ന് സ്ഥാപനങ്ങളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ഡ്രഗ് ലിംഗ്‌സ് എന്ന സ്ഥാപനത്തിലെ 70,000 രൂപയും ആശ്രമം സ്വദേശി സാമുവല്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാണിയപുരയ്ക്കല്‍ എന്റര്‍പ്രൈസസില്‍ നിന്നും 61,500 രൂപയുമാണ് നഷ്ടമായത്.

കടകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വാണിയപുരയ്ക്കല്‍ എന്റര്‍പ്രൈസസിലെ എട്ട് സിസിടിവി ക്യാമറകളും സെർവ്വറുകളും മോഷണം പോയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ തകര്‍ത്ത പൂട്ടുകള്‍ തൊട്ടടുത്തുള്ള ചവറ്റുകൂനയില്‍ നിന്നും കണ്ടെടുത്തു. പൂട്ടുകളും കാമറകളും കൂടി നഷ്ടമായ ഇനത്തില്‍ വാണിയപുരയ്ക്കല്‍ എന്റര്‍പ്രൈസസിന് ആകെ 1.26 ലക്ഷം രൂപയാണ് നഷ്ടമായത്. തൊട്ടടുത്തുള്ള രണ്ട് കടകളിലെ പൂട്ടും ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്.

രാവിലെ കടയുടമകള്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. രണ്ട് കടകളിലും ചില്ലറ നാണയങ്ങളുണ്ടായിരുന്നെങ്കിലും മോഷ്ടാവ് എടുത്തില്ല. ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെ മുഖംമൂടി ധരിച്ച മോഷ്ടാവ് എത്തുന്ന ദൃശ്യം എതിര്‍വശത്തുള്ള സ്ഥാപനത്തില്‍ നിന്നും ലഭിച്ചു. ഒറ്റയ്ക്കായിരുന്നു കവര്‍ച്ച നടത്തിയത്. പ്രദേശത്ത് ഇരുട്ടായതിനാല്‍ മൊബൈല്‍ ടോര്‍ച്ച് തെളിച്ചാണ് പൂട്ടുകള്‍ തകര്‍ത്തത്. വിരലടയാള വിദഗ്ധര്‍ മോഷ്ടാവിന്റെ വിരലടയാളങ്ങള്‍ ശേഖരിച്ചു. കമ്പിപ്പാര ഉപയോഗിച്ചാണ് വാതിലുകള്‍ തകര്‍ത്തതെന്നാണ് കരുതുന്നത്.

കൊല്ലം ഈസ്റ്റ് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സമീപകാലത്ത് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News