ജീവിതയാത്രയിൽ പതറാതെ, പല പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകുന്ന മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. കാൻസറിനെ ധൈര്യപൂർവം നേരിട്ട നടി തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗം ബാധിച്ചുവെന്ന കാര്യം അടുത്തിടെയാണ് തുറന്നു പറഞ്ഞത്.
ഇപ്പോഴിതാ ഈ രോഗാവസ്ഥ തന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടി.ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. രോഗത്തെ ഒളിച്ചുവച്ച് ഒളിച്ചുവച്ച് താൻ സ്വയം മറയ്ക്കപ്പെട്ടുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത മനസുതുറന്നു. അസുഖം കൂടിയതോടെ താൻ അമേരിക്കയിലേക്ക് പോയെന്നും അവിടെ ചെന്നതോടെ രോഗവിവരം മറന്നുവെന്നും നടി പറഞ്ഞു.
എന്നാൽ തിരികെ കേരളത്തിലേക്ക് വന്നപ്പോൾ തനിക്ക് നേരിടേണ്ടിവന്ന വിഷമതകളെക്കുറിച്ചും മംമ്ത തുറന്നു പറഞ്ഞു. പമ്പിൽ ഇന്ധനം നിറയ്ക്കാൻ പോയപ്പോൾ ഒരാൾ നിങ്ങളുടെ മുഖത്തൊക്കെ എന്തുപറ്റിയെന്നു ചോദിച്ചെന്നും അതോടെ തന്റെ തലയിൽ പത്ത് കിലോയുടെ ഭാരമായി തോന്നിയെന്നും നടി പറയുന്നുണ്ട്.
മംമ്തയുടെ വാക്കുകൾ
”അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്‍റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും. അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്.
ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here