ആര്‍എസ്എസുമായി എന്ത് ചര്‍ച്ചയാണ് ജമാത്തെ ഇസ്ലാമി നടത്തിയതെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രി

സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം.

സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാന്‍ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങള്‍ രാജ്യഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസിനുമുന്നില്‍ അവതരിപ്പിക്കാനാണ് ചര്‍ച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത്?ചര്‍ച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാര്‍? അത്തരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?

ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തില്‍ ആര്‍എസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികള്‍. വര്‍ഗ്ഗീയതകള്‍ പരസ്പരം സന്ധി ചെയ്തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതില്‍ ഒരേ മനസ്സോടെ നില്‍ക്കുന്നവരാണ് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News