വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; അനില്‍കുമാര്‍ റിമാന്‍ഡില്‍

കൊച്ചി കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍, കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതി അനില്‍കുമാറിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ സാമ്പത്തിക ഇടപാട് നടന്നതായി അറസ്റ്റിലായ പ്രതി അനില്‍കുമാര്‍ മൊഴി നല്‍കി. പണം കൈപ്പറ്റിയത് വിവിധ ബാങ്കുകളിലെ അക്കൗണ്ട് മുഖേനയെന്നും അനില്‍ കുമാര്‍ പൊലീസിനോടു സമ്മതിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയിരുന്നു അനില്‍കുമാര്‍.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ മുഖ്യപ്രതിയായ അനില്‍ കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന്, പ്രത്യേക സംഘം കേസേറ്റെടുത്തതിന് പിന്നാലെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത് നിന്ന് അന്വേഷണ സംഘം അനില്‍കുമാറിനെ പിടികൂടിയത്.

വൈകിട്ടോടെ കൊച്ചിയിലെത്തിച്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. പൊലിസിന്റെ അപേക്ഷ പരിഗണിച്ച കോടതി പ്രതി അനില്‍ കുമാറിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്ന പദവി അനില്‍കുമാര്‍ ദുരുപയോഗം ചെയ്‌തെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ സാമ്പത്തിക ഇടപാടു നടന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചു. വിവിധ ബാങ്കുകളുടെ അക്കൗണ്ടു മുഖേനയാണ് പണം വാങ്ങിയതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്. സുപ്രണ്ട് ഓഫീസിലെ ജോലിക്കാരന്‍ എന്ന നിലയില്‍ കളമശേരി നഗരസഭയിലെ ജനന – മരണ സര്‍ട്ടിഫിക്കറ്റുകളുടെ കിയോസ്‌ക് കൈകാര്യം ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയെ സ്വാധീനിച്ച കാര്യത്തിലും അനില്‍ കുമാറില്‍ നിന്ന് വ്യക്തത തേടും.

കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറിയതില്‍ ഇയാള്‍ ഏതെങ്കിലും തരത്തില്‍ ഇടനില നിന്നിട്ടു തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം വിശദമായ പരിശോധന ആവശ്യമാണ്. ഇതിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നതിന്റെ പങ്കും അന്വേഷണ പരിധിയിലുണ്ട്.

നേരത്തെ കളമശേരി മെഡി. കോളേജ് സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണമുന്നയിച്ച ശേഷമാണ് അനില്‍ കുമാര്‍ ഒളിവില്‍ പോയത്. പിന്നീടുള്ള അന്വേഷണത്തില്‍ ആരോപത്തില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News