ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്സിറ്റി വനിത നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം. ദില്ലി സർവ്വകലാശാലയുമായി നടന്ന മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം നേരത്തെ പരാതിപ്പെട്ടിരുന്നു. മത്സരത്തില്‍ റഫറിയുടെ തുടര്‍ച്ചയായ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് ടീം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയില്‍ കളി തുടര്‍ന്ന ദില്ലി ടീം വിജയം നേടുകയായിരുന്നു. മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം കാലിക്കറ്റ് ടീം സംഘാടകര്‍ക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയതോടെയാണ് ബഹിഷ്‌കരിക്കാന്‍ ടീം തീരുമാനിച്ചത്. ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിക്കാന്‍ ടീം തീരുമാനിച്ചതോടെ ഹിയറിംഗിന് വിളിച്ചേക്കുമെന്നാണ് സൂചന.
ദില്ലി യൂണിവേഴ്സിറ്റിക്കെതിരായ മത്സരത്തില്‍ റഫറി ഫൗള്‍ വിളിച്ചത് ഏകപക്ഷീയമായ രീതിയാണെന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാല ടീമിന്റെ ആരോപണം. ദില്ലി സര്‍വ്വകലാശാലയെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ റഫറി ഫൗളുകള്‍ വിളിച്ചത്. ശരീരം കൂട്ടിമുട്ടരുതാത്ത ഗെയിം ആയിരുന്നിട്ട് കൂടി കാലിക്കറ്റ് കായിക താരങ്ങളെ ദില്ലി കായിക താരങ്ങള്‍ കൈമുട്ടുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. എന്നാല്‍ റഫറി ഇതൊന്നും ഫൗളായി കണക്കാക്കാതെ അവഗണിക്കുകയായിരുന്നു. മൈതാനത്ത് കാലിക്കറ്റ് ടീമിന്റെ കോച്ചിനെ സ്വന്തം താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതില്‍ നിന്നും വിലക്കിയതായും ടീം പരാതിപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here