പുനഃസംഘടന, കുരുക്കഴിക്കാനാകാതെ കോണ്‍ഗ്രസ്

പുനഃസംഘടനയില്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ പലോട് രവിക്ക് ആകുന്നില്ലെന്നും വിമര്‍ശനമുയരുന്നു.

ഭാരത് ജോഡോയാത്രയിലും സാമ്പത്തിക സമാഹരണത്തിലും പിഴവ് വന്നിട്ടുണ്ടെന്നും ബൂത്തുകളില്‍ നിന്ന് പിരിച്ചെടുത്ത തുക കെപിസിസിയില്‍ എത്തിയിട്ടില്ലെന്നമാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതിനുപുറമെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാനും ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് ആകുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 104 നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതും പാലോട് രവിക്ക് തിരിച്ചടിയായി. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന നടക്കാനിരിക്കെ, വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറി വി.എന്‍ ഉദയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍ നായര്‍, നെട്ടയം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 104 പേരാണ് രാജിവെച്ചത്.

വി.എന്‍ ഉദയകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍ട്ടിയിലെ കൂട്ട രാജി. മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ വെള്ളൈക്കടവ് വേണുകുമാറിനെ വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി നിയോഗിച്ചതും പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കി. ഈ നിയമനം മരവിപ്പിക്കണമെന്ന് ജില്ലയിലെ നേതാക്കള്‍ പാലോടിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാലോട് രവി, കെപിസിസിസി അംഗങ്ങളായ ടി.സുദര്‍ശനും ശാസ്തമംഗലം മോഹനനുമൊപ്പം നില്‍ക്കുകയായിരുന്നു. തന്നെയുമല്ല മറ്റു ഡിസിസി നേതാക്കളുടെ അഭിപ്രായം പരിഗണിച്ചതുമില്ല. ഇത് പ്രശ്‌നം വഷളാക്കിയെന്നാണ് ഉയരുന്ന വിമര്‍ശനം. പാര്‍ട്ടി വിട്ടവര്‍ ഇപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി ഇടപെടാതെ ഡി.സി.സി പ്രസിഡന്റ് പാലോട് രവി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തിയതിലും അമര്‍ഷമുണ്ട്. വേണുഗോപാല്‍ നടത്തുന്ന നീക്കങ്ങളോട് സഹകരിക്കില്ലെന്നും രാജിവച്ച നേതാക്കള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News