മോഷണം നടത്തി രക്ഷപെടുന്നതിനിടെ വാഹനാപകടത്തില്‍പ്പെട്ട് മോഷ്ടാവ് പിടിയില്‍

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ വാഹനാപകടത്തില്‍പ്പെട്ട് മോഷ്ടാവ് പിടിയില്‍. താമരശ്ശേരിയില്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് രക്ഷപ്പെടുന്നതിനിടെയാണ് മോഷണ സംഘത്തില്‍പ്പെട്ട യുവാവ് പിടിയിലായത്. താമരശ്ശേരി പി സി മുക്ക് അങ്ങാടിയിലെ പി ടി സ്റ്റോറില്‍ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്.

കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ എണ്ണായിരം രൂപ വിലവരുന്ന സിഗരറ്റ് ഉത്പന്നങ്ങളും അഞ്ഞൂറുരൂപ വിലമതിക്കുന്ന പഴയ ഒരു മൊബൈല്‍ ഫോണും ഒരു മിഠായിഭരണിയില്‍ സൂക്ഷിച്ച രണ്ടായിരത്തിലധികം രൂപയും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.

കട തുറന്ന് കിടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഉടമ താമരശ്ശേരി തച്ചംപൊയില്‍ പുത്തന്‍തെരുവില്‍ അഷറഫ് എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് രാത്രി അപ്രതീക്ഷിതമായി വന്ന ഫോണ്‍ കോള്‍ ആണ് മോഷണ സംഘത്തിലെ ഒരാളെ പിടികൂടാന്‍ സഹായിച്ചത്.

റോഡില്‍ക്കിടന്നയാളെ ആശുപത്രിയിലെത്തിച്ച മെഡിക്കല്‍ കോളേജ് പൊലീസ് പോക്കറ്റില്‍ക്കിടന്ന ഫോണിലെ കോണ്‍ടാക്ട് നമ്പറില്‍ ബന്ധപ്പെട്ട് അപകട വിവരമറിയിച്ചപ്പോഴാണ് ഫോണ്‍ കൈവശമുള്ളയാള്‍ ബന്ധുവല്ല മറിച്ച്, മോഷ്ടാവാണെന്ന് മറുതലയ്ക്കല്‍നിന്ന് മറുപടികിട്ടിയത്.

മോഷണം നടന്ന ശേഷം പുലര്‍ച്ചെ നാലുമണിയോടെ അഷ്‌റഫിന്റെ ഭാര്യ സുഹറയുടെ മൊബൈലിലേക്കാണ് മെഡിക്കല്‍ കോളേജ് പൊലീസ് വിളിച്ചത്. അപകടത്തില്‍പെട്ട യുവാവിന്റെ പക്കല്‍നിന്നു കിട്ടിയ രണ്ടു മൊബൈലുകളിലൊന്നില്‍ സിം ഇട്ട പൊലീസ്, ‘വൈഫ്’ എന്ന് ഫോണ്‍ കോണ്‍ടാക്ടില്‍ സേവ് ചെയ്ത നമ്പരിലേക്ക് വിളിക്കുകയായിരുന്നു.

എന്നാല്‍ ഫോണ്‍ കോള്‍ എത്തിയത് അഷ്‌റഫിന്റെ ഭാര്യ സുഹറയുടെ നമ്പറിലും. അങ്ങനെയാണ് അപകടത്തില്‍പ്പെട്ടത് മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. അഷ്‌റഫിന്റെ പരാതിയില്‍ മോഷണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തു. നിലവില്‍ അപകടത്തില്‍ പരുക്കേറ്റ യുവാവ് ഗുരുതരാവവസ്ഥയില്‍ ചികിത്സയിലാണ്.

മൂന്നംഗ സംഘമാണ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന. ഇവര്‍ എത്തിയ ബൈക്ക് പി സി മുക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റൊരു വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടതായാണ് വിവരം. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ താമരശ്ശേരി ഭാഗത്തുനിന്ന് ബൈക്കില്‍വരുന്ന ദൃശ്യം സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News