അദാനി എന്ന ഊതിവീര്‍പ്പിച്ച കുമിള പൊട്ടുമ്പോള്‍

അദാനി പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും. രാജ്യത്തിന്റെ കരുതല്‍ ശേഖരം പത്തുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില ഊതിപ്പെരുപ്പിക്കാനുള്ള കടലാസ് കമ്പനികള്‍ക്ക് പിന്നിലെ സൂത്രധാരന്‍ സഹോദരന്‍ വിനോദ് അദാനിയെന്നും സൂചനയുണ്ട്. പ്രതിസന്ധി തുടരുന്നതിനിടെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കില്ലെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു

അദാനിയുടെ ഓഹരി വില തകര്‍ച്ച ഓഹരി വിപണിയിലും രൂപയുടെ വിലയിലും പ്രതികൂലമായി ബാധിച്ചതോടെ രാജ്യം കരുതിവച്ചിരുന്ന ഡോളര്‍ ശേഖരത്തിലെ ഒരു പങ്ക് വില്‍ക്കാന്‍ റിസര്‍വ്ബാങ്ക് നിര്‍ബന്ധിതമായിരുന്നു. ഇതോടെ ഇന്ത്യന്‍ വിദേശനാണ്യ ശേഖരം പത്തുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 830 കോടി ഡോളര്‍ ആയിരുന്ന ശേഖരമാണ് 567 കോടി ഡോളറായി കുറഞ്ഞത്.

പ്രതിസന്ധിയില്‍ തുടരുന്ന അദാനിക്കുള്ള സഹായം രഹസ്യ കവറില്‍ നല്‍കാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദാനി തട്ടിപ്പുമൂലം ബിജെപി സര്‍ക്കാര്‍ വീണ്ടും നാണംകെടുന്നത്. എന്നാല്‍, അദാനി പ്രതിസന്ധിയില്‍ നരേന്ദ്രമോദിയും മറുപടി പറയേണ്ടി വരുമെന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോര്‍ജ് സോറോസിന്റെ പ്രസ്താവനയും വൈദേശികാക്രമണമായി വളച്ചൊടിക്കാനാണ് ബിജെപി നീക്കം.

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് വേണ്ടി വിദേശത്ത് കടലാസ് കമ്പനികള്‍ നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കുന്നത് സഹോദരന്‍ വിനോദ് അദാനി ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഗൗതം അദാനി എന്ന പേര് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ 54 തവണ മാത്രം പരാമര്‍ശിക്കപ്പെടുമ്പോള്‍ 151 തവണ വിനോദ് അദാനിയെ കുറിച്ച് പറയുന്നുണ്ട്. വിനോദ് അദാനി വര്‍ഷങ്ങളായി വിദേശത്താണ് താമസം.

ഛത്തീസ്ഗഡിലെ ഡിബി പവര്‍ എന്ന കമ്പനിയുടെ ഏറ്റെടുക്കലില്‍ നിന്ന് കഴിഞ്ഞദിവസം അദാനി പിന്മാറിയിരുന്നു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാതെയും പ്രഖ്യാപിച്ച ഏറ്റെടുക്കലുകളില്‍ നിന്ന് പിന്മാറിയും വിപണിയില്‍ നേട്ടം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് അദാനി ഗ്രൂപ്പ്. പുതിയ പദ്ധതികള്‍ ഏറ്റെടുക്കില്ലെന്ന പ്രഖ്യാപനം ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കില്ലെന്ന സൂചനയാണോ എന്നും ബിസിനസ് ലോകം സംശയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News