മാധ്യമങ്ങളുടെ തവളക്കാലം – ഡോ. ജോണ്‍ ബ്രിട്ടാസ് എംപി എഴുതുന്നു

ദുരന്തങ്ങള്‍ മുദ്രാവാക്യങ്ങളായി പരിണമിക്കുമ്പോള്‍ പലപ്പോഴും അതിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയാതെ പോകും. അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചുള്ള സംവാദത്തില്‍ പഴയ തവളസിദ്ധാന്തത്തിന് പ്രസക്തിയുണ്ട്. തിളയ്ക്കുന്ന വെള്ളത്തിലേക്ക് തവളയെ പിടിച്ചിട്ടാല്‍ ഒറ്റച്ചാട്ടത്തിന് തവള പുറത്തുകടക്കും. തവളയെ ഇട്ടിരിക്കുന്ന വെള്ളം വളരെ സാവധാനത്തില്‍ ചൂടാക്കുക. ചൂടുകൂടുന്നതിനനുസരിച്ച് തവള അതിനോട് പൊരുത്തപ്പെടും. അവസാനം തവള ചത്ത് മലക്കുമെന്ന് മറ്റൊരു കാര്യം.

ബിബിസിയിലെ റെയ്ഡും ഇന്ത്യയിലെ മാധ്യമഅന്തരീക്ഷവും അര്‍ഥവത്തായ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ലെന്നതാണ് ദുരന്തം. ഇന്ത്യന്‍ മാധ്യമങ്ങളെ പൂര്‍ണമായി വരുതിയിലാക്കിയ ശേഷമുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് ബിബിസിക്കു മേലുള്ള റെയ്ഡിനെ നോക്കിക്കാണേണ്ടത്. ഇന്ത്യയുടെ ജനാധിപത്യ പരിസരം അനുദിനം ശുഷ്‌കിച്ചു വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വാധിപനായി ഉരുത്തിരിയുന്ന ചിത്രത്തിന് ബിജെപി വക്താക്കള്‍ത്തന്നെ ചര്‍ച്ചകളില്‍ അലകും പിടിയും സമ്മാനിക്കുന്നു. മഹാമേരുവായ നരേന്ദ്ര മോദിയെ തൊട്ടുകളിക്കാന്‍ ഈ ലോകത്ത് ആര്‍ക്കാണ് ധൈര്യമെന്നാണ് ബിബിസി റെയ്ഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ബിജെപി വക്താക്കള്‍ പൊതുവില്‍ ഉയര്‍ത്തുന്ന ചോദ്യം. സാമ്പത്തിക ക്രയവിക്രയത്തിന്റെ പശ്ചാത്തലമാണ് സര്‍വേ എന്ന പേരിലുള്ള റെയ്ഡിന് കാരണമെന്ന് ഔദ്യോഗിക ഭാഷ്യം പറയുമ്പോള്‍ത്തന്നെയാണ് ‘ഇത് തിരിച്ചടി’ എന്ന് ബിജെപി വക്താക്കള്‍ ഉദ്ഘോഷിക്കുന്നത്.

ബിബിസിയുടെ ക്രയവിക്രയത്തെ ഇതിവൃത്തമാക്കുമ്പോള്‍ നമ്മുടെ ആദായനികുതി വകുപ്പ് എത്രത്തോളം പരിഹാസ്യമാകുന്നുവെന്ന് ഈ മാധ്യമത്തിന്റെ ഘടന പരിശോധിക്കുമ്പോള്‍ വ്യക്തമാകും. ടെലിവിഷന്‍ കാണുന്ന ഓരോ ബ്രിട്ടീഷ് കുടുംബവും 159 പൗണ്ട് ബിബിസിക്ക് ഓരോ വര്‍ഷവും നല്‍കണം. തന്റെ ടെലിവിഷനില്‍ ബിബിസി കണ്ടാലും ഇല്ലെങ്കിലും 16,000 രൂപ ഓരോ ബ്രിട്ടീഷ് കുടുംബവും നല്‍കണമെന്നര്‍ഥം. ഒരു വര്‍ഷം ലൈസന്‍സ് ഫീ ഇനത്തില്‍ 50,000 കോടി രൂപയോളം ബിബിസിക്ക് ലഭിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവിന്റെ 80 ശതമാനത്തോളം നിറവേറ്റുന്നത് ജനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് ഫീ ഇനത്തിലാണ്. പ്രേക്ഷകരും ബിബിസിയും തമ്മിലുള്ള അനന്യമായ വൈകാരിക ബന്ധത്തിന്റെ പ്രതലംകൂടിയാണ് ലൈസന്‍സ് ഫീ. ഇക്കാരണം കൊണ്ടാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ബിബിസിക്കുമേല്‍ കയറിമെതിക്കാന്‍ കഴിയാതിരിക്കുന്നത്. തങ്ങള്‍ സംപ്രേഷണംചെയ്ത ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററിയെ പ്രധാനമന്ത്രി റിഷി സുനക് തള്ളിപ്പറഞ്ഞെങ്കിലും തങ്ങള്‍ ചെയ്തത് ശരിയെന്ന് ഊന്നിപ്പറയാന്‍ ബിബിസിയുടെ വക്താവിന് കഴിഞ്ഞത് ബ്രിട്ടീഷ് ജനത നല്‍കുന്ന പിന്തുണകൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു മാധ്യമത്തിന്റെ വ്യവഹാരത്തിനു മേലാണ് ഇന്ത്യയിലെ ആദായനികുതി വകുപ്പ് 60 മണിക്കൂര്‍ അര്‍ധവിരാമംപോലുമില്ലാതെ പണികൊടുത്തത്.

ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകള്‍ പ്രധാനമായും ഉള്ളടക്കം കൈകാര്യം ചെയ്യുന്നവയാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട ആര്‍ക്കുമറിയാം. അതേസമയം, വിനോദ ടെലിവിഷന്‍ രംഗത്തെ അതികായരും വിദേശ കമ്പനികളുമായ ഡിസ്നിയും സോണിയുമൊക്കെ ആയിരക്കണക്കിന് കോടിയുടെ ഇടപാടാണ് ഇന്ത്യയില്‍ നടത്തുന്നത്. അവിടെയൊന്നും കയറാന്‍ താല്‍പ്പര്യപ്പെടാതെ ഡോക്യുമെന്ററി സംപ്രേഷണത്തെ പശ്ചാത്തല സംഗീതമാക്കി നല്ലൊരു തിരക്കഥയ്ക്കൊപ്പം ആദായനികുതിക്കാര്‍ ആടിയപ്പോള്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കനത്ത ക്ഷതമാണെന്ന് എത്രപേര്‍ മനസ്സിലാക്കുന്നു?

കേന്ദ്രസര്‍ക്കാരിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ കഴിയുന്ന ഒരു മാധ്യമവും ഇന്ന് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ആംഗലേയ മാധ്യമങ്ങളെടുത്താല്‍ കൊല്‍ക്കത്തയില്‍ നിന്നിറങ്ങുന്ന ടെലിഗ്രാഫില്‍ മാത്രമാണ് അര്‍ഥവത്തായ വിമര്‍ശങ്ങള്‍ കാണാറുള്ളത്. മിക്കവാറും പത്രങ്ങള്‍ക്കില്ലാത്ത, നഷ്ടപ്പെട്ടുപോയ പത്രാധിപര്‍ എന്ന തസ്തികയില്‍, രാജഗോപാലന്‍ എന്ന മലയാളി ഇരിക്കുന്നുണ്ടെന്ന ഒറ്റ കാരണംകൊണ്ടാണ് ടെലിഗ്രാഫിന്റെ ഭാഗധേയം ഇങ്ങനെയായത്.

ദേശീയ മാധ്യമങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്നും ഔട്ട്ലുക്ക് വാരികയില്‍നിന്നും പുറത്താക്കപ്പെട്ട പത്രാധിപരായ ബോബി ഘോഷും റൂബന്‍ ബാനര്‍ജിയും കഴിഞ്ഞ ദിവസം ചില കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓരോ വരിയിലും തങ്ങള്‍ നേരിട്ട പ്രതിസന്ധിയും അതിലൂടെ ഇന്ത്യന്‍ മാധ്യമരംഗം അഭിമുഖീകരിക്കുന്ന അനിശ്ചിതത്വവും ഇരുവരും വരച്ചുകാട്ടിയിരുന്നു. ബോബി ഘോഷ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരായിരുന്ന സമയത്താണ് ‘വിദ്വേഷ വീചി’ എന്ന തലക്കെട്ടില്‍ ഒരു പംക്തി ആരംഭിച്ചത്. വെറുപ്പിന്റെ പേരില്‍ രാജ്യത്ത് സൃഷ്ടിക്കുന്ന സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള കുറിപ്പായിരുന്നു അത്. ബിജെപി സര്‍ക്കാരിനെ ഇത് എത്രകണ്ട് വിറളിപിടിപ്പിച്ചുവെന്നത് പിന്നീട് പത്രത്തിന്റെ ഉടമ ശോഭന ഭാരതിയയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന യോഗത്തെക്കുറിച്ച് ചോര്‍ന്ന് കിട്ടിയ വിവരങ്ങളില്‍നിന്ന് ഏവര്‍ക്കും ബോധ്യമായി. മോദി വിളിച്ചുവരുത്തി ബിര്‍ലയുടെ പത്രത്തിന് അന്ത്യശാസനം നല്‍കുകയായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുശേഷം, 16 മാസത്തെ സേവനം അവസാനിപ്പിച്ച്, ബോബി ഘോഷ് പത്രാധിപവേഷം അഴിച്ചുവച്ച് ഹിന്ദുസ്ഥാന്‍ ടൈംസില്‍നിന്ന് പടിയിറങ്ങി. അതോടെ ‘വിദ്വേഷ വീചി'( hate track)യും അസ്തമിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യ അനാഥമാക്കപ്പെടുകയും അഞ്ച് കോടിയിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജന്മദേശത്തിന്റെ പരിരക്ഷ കൊതിച്ച് പലായനം നടത്തുകയുംചെയ്തു. അവരുടെ വിണ്ടുകീറിയ കാല്‍പാദങ്ങളോ നീരുവന്ന കാലുകളോ ഒരു ദേശീയ മാധ്യമത്തിനും വാര്‍ത്തയായില്ല. ഗംഗാനദിയില്‍ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഒഴുകിനടന്നതിനു നേരെ കണ്ണുപൂട്ടിയ മാധ്യമങ്ങള്‍ പൈങ്കിളി കഥയുമായി ഓരോദിവസവും ഇറങ്ങിയപ്പോള്‍ മനംനൊന്താണ് ഔട്ട്ലുക്ക് വാരികയുടെ പത്രാധിപര്‍ റൂബന്‍ ബാനര്‍ജി ഒരു സാഹസത്തിന് മുതിര്‍ന്നത്. ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ലെന്ന കവര്‍പേജോടെ ഔട്ട്ലുക്ക് വാരിക പുറത്തിറങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ റൂബനെ നിര്‍ബന്ധിത അവധിയില്‍ മുതലാളി രഹേജ അയച്ചു. മാസം പൂര്‍ത്തിയാകുന്നതിനുമുമ്പേ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

ഉദാരവല്‍ക്കരണത്തോടെ ഇന്ത്യയിലെ മാധ്യമങ്ങളുടെ ഘടന അടിമുടി മാറി. സ്വകാര്യ ഉടമസ്ഥത കോര്‍പറേറ്റ്വല്‍ക്കരണത്തിലേക്കും അത് പിന്നീട് ബഹുമുഖ വ്യവസായ സംരംഭത്തിലേക്കും വഴിതിരിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും ജനാധിപത്യത്തിന്റെതന്നെ മാതാവെന്നുമാണ് ഇന്ത്യയെ പ്രധാനമന്ത്രി നാഴികയ്ക്ക് നാല്‍പ്പതുവട്ടം വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിന് അതീതമായി സ്വാതന്ത്ര്യത്തിന്റെ നാരായ വേരുകളുള്ള മാധ്യമങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു രാജ്യത്ത് ജനാധിപത്യം അര്‍ഥപൂര്‍ണമാകൂ. എന്തെല്ലാം പരിമിതികളുണ്ടെങ്കില്‍പ്പോലും ഇന്ത്യ വ്യതിരിക്തമായി നിലകൊണ്ടതും ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയതും ഇക്കാരണംകൊണ്ടാണ്. സൈനിക– സാമ്പത്തിക ശേഷി ഒരിക്കലും ഒരു രാജ്യത്തിന്റെ ധാര്‍മിക അധികാരത്തിന് വഴിവയ്ക്കില്ല. ഉദാരവല്‍ക്കരണത്തോടെ ഇന്ത്യയിലെ മാധ്യമങ്ങളുടെ ഘടന അടിമുടി മാറി. സ്വകാര്യ ഉടമസ്ഥത കോര്‍പറേറ്റ്വല്‍ക്കരണത്തിലേക്കും അത് പിന്നീട് ബഹുമുഖ വ്യവസായ സംരംഭത്തിലേക്കും വഴിതിരിഞ്ഞു. അമിതാധികാര പ്രവണതയുള്ള നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളുടെ സ്വകാര്യ–കോര്‍പറേറ്റ് ഘടന തന്റെ ഇംഗിതങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള എളുപ്പമാര്‍ഗമാണെന്ന് മോദി കണ്ടെത്തി. ഔട്ട്ലുക്ക് വാരിക റിയല്‍ എസ്റ്റേറ്റ് ഭീമനായ രഹേജയുടെ പക്കലായതിനാലാണ് റൂബന്‍ ബാനര്‍ജി തെറിച്ചത്. ബിര്‍ലയുടെ സാമ്രാജ്യത്വത്തിലെ പത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് എന്നതിനാലാണ് ബോബി ഘോഷും തിരസ്‌കൃതനായത്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമശൃംഖലയായ ടൈംസ് ഓഫ് ഇന്ത്യക്ക് നൂറുകണക്കിന് വ്യവസായ സംരംഭങ്ങളില്‍ ഓഹരി ഉടമസ്ഥതയുണ്ട്. വാര്‍ത്തയല്ല, തങ്ങളുടേത് പരസ്യത്തിന്റെ ബിസിനസ് എന്ന് പരസ്യമായി പറഞ്ഞ വിനീത് ജെയിനാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളില്‍ ഒരാള്‍. എങ്കിലും മുഖപ്രസംഗ പേജില്‍ അല്‍പ്പമൊക്കെ ഞാണിന്‍മേല്‍ക്കളി നടത്താന്‍ ടൈംസ് ഓഫ് ഇന്ത്യ മുതിര്‍ന്നു. വാര്‍ത്താ പേജുകള്‍ മുഴുവന്‍ മോദിക്ക് അടിയറവച്ചപ്പോള്‍, ചെറിയൊരു തുരുത്തില്‍ ഇടയ്ക്കൊക്കെ വിമര്‍ശത്തിന്റെ വെള്ളിരേഖ വരുന്നത് പത്രത്തിന് ഗുണകരമാകുമല്ലോയെന്നാണ് ജെയിന്‍ സഹോദരന്‍മാര്‍ വിചാരിച്ചത്. എന്നാല്‍, ഇത്തിരിയിടംപോലും തങ്ങള്‍ക്ക് പുറം തിരിഞ്ഞുനില്‍ക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ മോദി ഭരണകൂടം ഒരുക്കമായിരുന്നില്ല. അതിന്റെ പരിണതഫലമെന്ന നിലയ്ക്കാണ് കഴിഞ്ഞ വര്‍ഷം ടൈംസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കയറി നിരങ്ങിയത്. അതോടെ വിമര്‍ശത്തിന്റെ ഇത്തിരിവെട്ടവും ടൈംസ് ഓഫ് ഇന്ത്യയില്‍ അസ്തമിച്ചു. ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതിനെക്കുറിച്ചുള്ള ഒരൊറ്റ ചിത്രമാണ് ദൈനിക് ഭാസ്‌കറെന്ന പത്രത്തിന്റെ കഷ്ടകാലത്തിന് തുടക്കംകുറിച്ചത്. റെയ്ഡും കനത്തപിഴയുമായിരുന്നു ബാക്കിപത്രം.

ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്തിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും സവിശേഷ ഘടകമെന്നത് വിവിധ നെടുംതൂണുകള്‍ക്കിടയിലുള്ള വിനിമയവും പ്രതിരോധവുമാണ്. എക്സിക്യൂട്ടിവ് (സര്‍ക്കാര്‍) നിയമനിര്‍മാണസഭ (പാര്‍ലമെന്റ്)യോട് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുക എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ കാതല്‍. ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് നിസ്സഹായതയിലും നിഷ്‌ക്രിയത്വത്തിലുമാണ്.

ഗൗതം അദാനിയെ മുന്‍നിര്‍ത്തിയുള്ള വലിയ കുംഭകോണം ലോകമെമ്പാടും ചര്‍ച്ചചെയ്തിട്ടും ബജറ്റ് സമ്മേളനവേദിയായിട്ടുകൂടി പാര്‍ലമെന്റില്‍ ഉയര്‍ന്നുവരാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. നന്ദിപ്രമേയത്തിന്റെയും ബജറ്റ് ചര്‍ച്ചയുടെയും വേളയില്‍ ഈ വിഷയം പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ആ പരാമര്‍ശങ്ങളെല്ലാംതന്നെ രേഖയില്‍നിന്ന് നീക്കംചെയ്തു. നന്ദിപ്രമേയത്തിനുമേല്‍ പത്ത് ഭേദഗതിവരെ ഒരംഗത്തിന് രാജ്യസഭയില്‍ കൊടുക്കാമെന്നാണ് വ്യവസ്ഥ. അദാനി പ്രശ്നവുമായി ബന്ധപ്പെട്ട മൂന്ന് ഭേദഗതിയടക്കം 10 നിര്‍ദേശം ഈ ലേഖകന്‍ സമര്‍പ്പിക്കുകയുണ്ടായി. ഇതില്‍ അദാനിയെക്കുറിച്ചുള്ള മൂന്ന് എണ്ണവും ഒരു കാരണവും അറിയിക്കാതെ തിരസ്‌കരിക്കപ്പെട്ടു. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ സംയുക്ത പാര്‍ലമെന്ററി സമിതിയോ അദാനി വിഷയത്തില്‍ വേണമെന്നാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രധാനമന്ത്രി ഇതൊഴിച്ച് സൂര്യനു കീഴിലുള്ള എല്ലാം പരാമര്‍ശിച്ചു. എന്നാല്‍, സുപ്രീംകോടതി അദാനി സംഭവവും ഓഹരി വിപണിയിലെ തകര്‍ച്ചയും ഗൗരവമായി എടുത്തപ്പോള്‍ കമ്മിറ്റിയോ പുതിയ സംവിധാനമോ രൂപീകരിച്ചുകൊള്ളുവെന്ന് പറയാന്‍ കോടതിയില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പാര്‍ലമെന്റില്‍ വായ തുറക്കാത്ത സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇങ്ങനെ പ്രതികരിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ആശ്വാസമെന്ന് തോന്നുമെങ്കിലും, അത് ഭരണഘടനയുടെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുന്നതാണെന്ന് നാം തിരിച്ചറിയണം.

പണ്ടൊക്കെ, പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ അന്വേഷണാത്മക വാര്‍ത്തകളുടെ പ്രളയമായിരുന്നു. പാര്‍ലമെന്റും മാധ്യമങ്ങളുമെന്ന രണ്ട് നെടുംതൂണിന്റെ ഈ ജുഗല്‍ബന്ദി എക്സിക്യൂട്ടിവിന്റെ ഉത്തരവാദിത്വം ഊട്ടിയുറപ്പിക്കാന്‍ സഹായകരമായിരുന്നു. മാധ്യമങ്ങളില്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഇരുസഭയിലും കോലാഹലമുണ്ടാക്കുകയും സംവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇന്ന്, മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞതുപോലെ, ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം അസ്തമിച്ചിരിക്കുന്നു. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ മാധ്യമസംവിധാനത്തെക്കുറിച്ചാണ്. പിഎംഒയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായ ഡോ. ഹിരണ്‍ ജോഷിയാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ഓഫീസ് അയക്കുന്ന വാട്സാപ് സന്ദേശത്തിലൂടെയാണ് അതത് ദിവസത്തെ വാര്‍ത്തയും സംഭവങ്ങളും ദേശീയ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കുന്നത്.

പ്രഖ്യാപിത അടിയന്തരാവസ്ഥയിലെ വെല്ലുവിളികളും ചതിക്കുഴികളും തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനുള്ള അവബോധം അന്നത്തെ മാധ്യമങ്ങള്‍ക്ക് കരഹസ്തമായിരുന്നു. ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് മാധ്യമങ്ങളുടെ നിലനില്‍പ്പിന് എത്രത്തോളം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പത്രാധിപരാണ് അന്നത്തെ പോരാട്ടത്തിന് കുന്തമുനകളായത്. ദ്വയാര്‍ഥ വാര്‍ത്താശകലങ്ങള്‍മുതല്‍ ഒഴിച്ചിട്ട പത്രത്താളുകള്‍വരെ ആയുധങ്ങളായി മാറിയപ്പോള്‍ വായനക്കാരും പുതിയ ഭാവുകത്വം നുകര്‍ന്നു. മാധ്യമങ്ങള്‍ ഉടമസ്ഥരുടെ പേരിലല്ല, പത്രാധിപരുടെ പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന് പത്രാധിപന്‍മാര്‍ വംശനാശം സംഭവിച്ച ഇനമായാണ് അറിയപ്പെടുന്നത്. അമിതാധികാരത്തിന്റെ മോദി തേരോട്ടത്തില്‍ മാധ്യമങ്ങള്‍ ഒന്നൊന്നായി കടപുഴകാനുള്ള ഒരുകാരണവും ഇതുകൂടിയാണ്.

( ദേശാഭിമാനിയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി എഴുതിയ ലേഖനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News