അതിദരിദ്രരായ 64,006 കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങളെ പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതിന്റെ ഭാഗമായി ആധാര്‍, റേഷന്‍കാര്‍ഡ് പോലുള്ള അടിസ്ഥാന രേഖകള്‍ ആദ്യം തയ്യാറാക്കി നല്‍കും. പിന്നീട് തൊഴില്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അനുയോജ്യമായ സംവിധാനമുണ്ടാക്കും.

അതിദരിദ്രരില്‍ 43,850 എണ്ണം ഏകാംഗ കുടുംബമാണ്. 9841 എണ്ണത്തില്‍ രണ്ടാളും 5165 എണ്ണത്തില്‍ മൂന്നാള്‍ വീതവുമുണ്ട്. 3021 പട്ടികവര്‍ഗ കുടുംബവും 12,763 പട്ടികജാതി കുടുംബവുമുണ്ട്. 2737 തീരദേശ കുടുംബവും അതിദരിദ്രരായുണ്ട്. സര്‍വേ നടത്തി കണ്ടെത്തിയ അതിദരിദ്രരുടെ സംരക്ഷണത്തിന് ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും മൈക്രോ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

ക്ഷേമ, പരിരക്ഷാ പദ്ധതികള്‍ പൂര്‍ണമായും സൗജന്യമാക്കും. ഭക്ഷണവും മരുന്നും അഭയസ്ഥലവും അവകാശരേഖയും ഉറപ്പുവരുത്തും. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്തവരെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റി സംരക്ഷിക്കും. വികേന്ദ്രീകൃതാസൂത്രണ കോ ഓര്‍ഡിനേഷന്‍ സമിതിയുടേതാണ് തീരുമാനം. പശു-ആട് വളര്‍ത്തല്‍, പെട്ടിക്കട തുടങ്ങിയവ നല്‍കുക മാത്രമല്ല തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കും. വൃത്തിയുള്ള താമസസൗകര്യവും ഉറപ്പുവരുത്തും.

അതേസമയം കേരളത്തിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടുകള്‍ ജനങ്ങളോട് വിശദീകരിക്കുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആര്‍എസ്എസ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും വര്‍ഗീയതയെ ചെറുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രബോധത്തെ തകര്‍ക്കുന്ന നിലപാടുകളാണ് ആര്‍എസ്എസ്സിന്റേതെന്ന് തുറന്നടിച്ച ഗോവിന്ദന്‍ മാസ്റ്റര്‍, വിവാദങ്ങളെല്ലാം ജനങ്ങള്‍ തള്ളുമെന്നും വ്യക്തമാക്കി. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് വലിയ മതിപ്പാണുള്ളതെന്നും സ്റ്റാര്‍ട്ടപ്പുകള്‍ വഴി വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News