എന്റെ ട്രാന്‍സ് വുമണ്‍ ഐഡന്റിറ്റിയാണ് എന്റെ കോണ്‍ഫിഡന്‍സ്

ജി. ആര്‍ വെങ്കിടേശ്വരന്‍

ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് അവസാനിച്ച, എം. ജി യൂണിവേഴ്‌സിറ്റി കലോത്സവമായ ‘ അനേക ‘, അനേകം വൈവിധ്യങ്ങളുടേതും കൂടിയായിരുന്നു. ചരിത്രത്തില്‍ ഇടംപിടിച്ച് അദ്രിജ എന്ന ട്രാന്‍സ് വുമണ്‍ മത്സരത്തിന്റെ വിധികര്‍ത്താവായി എന്നതായിരുന്നു അതില്‍ പ്രധാനം. യൂണിവേഴ്‌സിറ്റി കലോത്സവ ചരിത്രത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ വിധികര്‍ത്താവ് ! ഭരതനാട്യ മത്സരത്തിനായിരുന്നു അദ്രിജ വിധികര്‍ത്താവായത്. കൊല്ലം സ്വദേശിനിയും, ഇപ്പൊള്‍ തിരുവനന്തപുരത്ത് താമസക്കാരിയുമായ അദ്രിജ നൃത്തമേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്.
അദ്രിജ തന്റെ നേട്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കൈരളി ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

ചരിത്രത്തിലേക്ക് നടന്ന വഴി

ഒരുപാട് അഭിമാനമാണ് തോന്നുന്നത്. കലോത്സവ ഭാരവാഹികളാണ് വിധികര്‍ത്താകാമോ എന്ന ആവശ്യവുമായി വന്നത്. ഒരു മടിയും കൂടാതെ അഭിമാനബോധത്തോടെ ആ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇഷ്ടപ്പെട്ടതും ഉപജീവനമാര്‍ഗവുമായ മേഖലയായതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.
അവരോട് എന്നെ എങ്ങനെ അറിയുമെന്നോ, എന്തുകൊണ്ട് ഞാന്‍ എന്നോ ചോദിച്ചില്ല. ഒന്നുമറിയാതെ അവരെന്നെ വിളിക്കില്ലല്ലോ. ആ തീരുമാനത്തോടും നിശ്ചയദാര്‍ഢ്യത്തിനോടും ബഹുമാനവും സന്തോഷവുമുണ്ട്.

കലയാണ് ആയുധം

സമൂഹത്തില്‍ എല്ലാകാലത്തും അനീതികളെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ആയുധം കലയാണ്. അളവുകോലില്ലാതെ നമുക്കവിടെ പ്രതികരിക്കാം. കഴിഞ്ഞ വര്‍ഷങ്ങളിലെ കലോത്സവങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിധ്യം നാമമാത്രമായിരുന്നു. ഏറിയാല്‍ ഒന്നോ രണ്ടോ. എന്നാല്‍ ഇക്കഴിഞ്ഞ കലോത്സവത്തില്‍ 5 ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥികളും, ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിധികര്‍ത്താവുമുണ്ടായി. കലയ്ക്ക് മാത്രം ഉള്‍ക്കൊള്ളാവുന്ന ക്യാന്‍വാസുകളാണ് ഇവയെല്ലാം. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ലിംഗവ്യവസ്ഥകളെയും, അസമത്വങ്ങളെയും പ്രതിരോധിക്കാനുള്ള ഒരു ഉപകരണമാണ് എനിക്ക് കല.അത്തരത്തിലൊരു മാറ്റമാണ് ഇപ്പൊള്‍ കലയിലൂടെ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്നത്.

സ്വത്വബോധം വരുന്ന കാലം

മറ്റുള്ളവരെപ്പോലെയല്ല ഞാന്‍ എന്ന ബോധ്യം എനിക്ക് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയോടടുക്കുന്ന കാലഘട്ടം നമ്മുടെ വ്യത്യസ്തതകളെ മനുഷ്യര്‍ ചൂഷണം ചെയ്യാന്‍ തുടങ്ങുന്ന കാലഘട്ടം കൂടിയാണ്. അന്ന് ഒരുപാട് ബുള്ളിയിങ് നേരിടേണ്ടിവന്നിട്ടുണ്ട്. ആ സമയങ്ങളില്‍ നമ്മുടെ വ്യത്യസ്തത എന്തോ തെറ്റാണ് എന്ന തോന്നല്‍ നമുക്കുണ്ടാകും. ഒരിക്കല്‍ അങ്ങനെയൊരു തോന്നല്‍ വന്ന സമയത്ത് ഞാന്‍ വല്ലാതെ ഒതുങ്ങിജീവിക്കുന്ന വ്യക്തിയായി മാറി.

എന്റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നത് നൃത്തമാണെന്ന് വരെ ആളുകള്‍ പറയുകയുണ്ടായി. അങ്ങനെ നിര്‍ത്തിവെക്കേണ്ടിവന്ന നൃത്തപഠനം പിന്നീട് ടീച്ചര്‍മാരുടെ നിര്‍ബന്ധം മൂലമാണ് തുടങ്ങിയത്.നൃത്തം ഒതുങ്ങിയപ്പോള്‍ കൂടെ ഒതുങ്ങിപ്പോയത് എന്റെ വ്യക്തിത്വം കൂടിയായിരുന്നു. എന്റെ സ്‌ത്രൈണതയെ എനിക്ക് എന്നില്‍ നിന്നുതന്നെ ഒളിപ്പിച്ചുവെക്കേണ്ടിവന്നു. സ്ത്രീയായിട്ടും പുരുഷനായി അഭിനയിക്കേണ്ടിവന്ന ആ കാലഘട്ടം ഡിപ്രഷന്റെത് കൂടിയായിരുന്നു.

ശരിക്കും നൃത്തം എന്നെ സ്ത്രീയാക്കിയതല്ല. അങ്ങനെ ഒരു പഴി നൃത്തത്തിന് കേള്‍ക്കാന്‍ പാടില്ല എന്ന വാശി എനിക്കുണ്ടായിരുന്നു. എന്നിലെ സ്ത്രീത്വം നൃത്തം കാരണം ഒന്നുകൂടി ശക്തിപ്പെട്ടു എന്നതാണ് ശരി.

ജീവിതം മാറ്റിമറിച്ച തീരുമാനം

ഏകദേശം ഒരു 20 വയസ്സുള്ളപ്പോഴാണ് ഞാന്‍ എന്റെ അഭിനയജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്. അന്ന് RLV കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ഭാരതനാട്യം വിദ്യാര്‍ത്ഥിയായിരുന്നു. മൂന്നാമത്തെ സെമസ്റ്ററില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം സംഭവിക്കുന്നത്. പഠനം തീര്‍ന്നശേഷം കുടുംബത്തിലെ പകുതിമുക്കാല്‍ ചിലവുകളും ഏറ്റെടുക്കേണ്ട സ്ഥിതിയിലെത്തി. ആ സമയത്താണ് ഇനി എന്റേതായ ജീവിതം ജീവിക്കാമെന്ന ചിന്ത എന്നിലേക്കെത്തിയത്.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒരേസമയം സമൂഹത്തില്‍ അധഃപതിക്കുന്നതും ഉയര്‍ന്നുവരുന്നതും കണ്ട വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ഒരു മാറ്റത്തിന് തയ്യാറെടുക്കും മുന്‍പെ അതിനെപ്പറ്റി ഞാന്‍ പഠിച്ചു. ഏകദേശം അഞ്ച് വര്‍ഷക്കാലയളവാണ് ഞാന്‍ എനിക്ക് വേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ചത്. അക്കാലയളവില്‍ നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമായി സംസാരിച്ചു. അവര്‍ തന്ന ആത്മവിശ്വാസം, സ്വത്വബോധം എന്നിവയാണ് ഇന്ന് എന്റെ മൂലധനം.

മാറ്റത്തിന് കൂടെനിന്നത് അമ്മ

എന്റെ ശരീരത്തിലെ മാറ്റങ്ങള്‍ ആദ്യമറിയുന്നത് അമ്മയാണ്. അമ്മമാര്‍ നമ്മുടെ മാറ്റങ്ങളെ അടുത്തറിയുന്നവരാണല്ലോ.
ആദ്യമൊക്കെ അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതൊരിക്കലും പറ്റില്ല എന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നില്ല. ഇപ്പോഴും എന്നെ ‘ മകള്‍ ‘ എന്നുതന്നെയാണ് മറ്റുള്ളവരുടെ മുന്‍പില്‍ വിളിക്കാറുള്ളത്. പക്ഷേ എന്റെയൊപ്പം നില്‍ക്കുമെന്ന് കരുതിയ ചിലരാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. ‘ നീ അവസാനം വല്ല ബസ് സ്റ്റാന്‍ഡിലും പോയി നില്‍ക്കും ‘ എന്നുവരെ പറഞ്ഞവരുണ്ട്. അവര്‍ക്ക് മുന്‍പിലാണ് എന്റെ ചിരി വലുതാകുന്നത്.

തൊഴില്‍ തന്ന ഐഡന്റിറ്റി

രണ്ട് ടേണിംഗ്‌പോയിന്റുകളാണ് ജീവിതത്തില്‍ ഉണ്ടായത്. ഒന്ന്, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കിട്ടിയ അവസരം. ജീവിതത്തില്‍ത്തന്നെ മറക്കാന്‍ സാധിക്കാത്ത അനുഭവമായിരുന്നു അത്. വലിയ ഒരു പ്രോസസ്സിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ ഐഡന്റിറ്റി സൂചിപ്പിച്ചു. അപ്പോഴൊക്കെ ‘ അതിനെന്താ, മനുഷ്യര്‍ തന്നെയല്ലേ ‘ എന്നായിരുന്നു മുതുകാട് സാറിന്റെയടക്കം പ്രതികരണം. ആ ജോലി എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചിട്ടുണ്ട്.

രണ്ട്, എന്റെ നൃത്ത സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്.
അന്നും ഇന്നും,അവര്‍ തന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഒരിക്കല്‍ പോലും അവര്‍ ഞാന്‍ ആരാണെന്നോ, എന്റെ ഭൂതകാലം എന്താണെന്നോ അവര്‍ ചോദിച്ചിട്ടില്ല. ഞാന്‍ തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ‘ അതിനെന്താ ടീച്ചറെ, ഞങ്ങള്‍ക്ക് നിങ്ങളുടെ കഴിവിലാണ് വിശ്വാസം ‘ എന്നതായിരുന്നു അവരുടെ പ്രതികരണം.

ചുരുക്കത്തില്‍ ഈ രണ്ട് സംഭവങ്ങളും ഇല്ലായിരുന്നെങ്കില്‍ അദ്രിജ എന്ന ട്രാന്‍സ് വുമണ്‍ ഉണ്ടാകുമായിരുന്നില്ല.

സമൂഹം മാറി

എന്റെ ഒരനുഭവമാണ്. നന്നേ ചെറുപ്പത്തില്‍ ഞാനും എന്റെ അമ്മയുടെ കൂടെ പുറത്തിറങ്ങിയ സമയം. അന്ന് റോഡിലൂടെ രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നടന്നുപോയി. അപ്പോള്‍ ചുറ്റുമുള്ള ആളുകളുടെ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു.അവരെത്തന്നെ തുറിച്ചുനോക്കി, എന്തോ അത്ഭുതം എന്ന പോലെ.

പക്ഷേ ഇന്ന് ഒരു ട്രാന്‍സ്‌ജെന്‍ഡറിനും അത്തരത്തിലൊരു അനുഭവം നേരിടേണ്ടിവരുന്നില്ല. എന്റെ നേര്‍ക്ക് പോലും അത്തരത്തിലൊരു കണ്ണ് തുറിച്ചുവരുന്നത് ഞാന്‍ കണ്ടിട്ടില്ല. സമൂഹത്തില്‍ വന്ന വലിയൊരു മാറ്റമാണത്. ആളുകളുടെ കാഴ്ചപ്പാടും മൂല്യബോധവും വികസിക്കുന്നു എന്നതിനുള്ള ഉദാഹരണമാണത്. അതുകൊണ്ടുതന്നെ യാതൊരു തരംതാഴ്തലുകളും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല എന്നുമാത്രമല്ല, ഏത് രീതിയില്‍ നോക്കിയാലും ഞാന്‍ കുറച്ച് മുകളിലേക്കെത്തി എന്ന തോന്നലാണ് എനിക്കിപ്പോള്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News