കൊച്ചി കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ അമ്മ സി ഡബ്ല്യുസിക്ക് മുന്നില്‍ ഹാജരായി. രാവിലെ 11 മണിയോടെ എറണാകുളം കാക്കനാട്ടെ സിഡബ്ല്യുസി ഓഫീസിലാണ് ഇവര്‍ എത്തിയത്. തല്‍ക്കാലം കുഞ്ഞിനെ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഇവര്‍ സിഡബ്ലുസി അധികൃതരെ അറിയിക്കുകയായിരുന്നു. താല്‍കാലിക കേന്ദ്രത്തില്‍ സിഡബ്ല്യുസി അധികൃതര്‍ കുഞ്ഞിനെ സംരക്ഷിക്കും.
അതേസമയം സംഭവത്തില്‍ മുഖ്യപ്രതിയായ അനില്‍ കുമാറിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പദവി അനില്‍കുമാര്‍ ദുരുപയോഗം ചെയ്തെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ സാമ്പത്തിക ഇടപാടു നടന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചു. വിവിധ ബാങ്കുകളുടെ അക്കൗണ്ട് മുഖേനയാണ് പണം വാങ്ങിയതെന്നാണ്് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കളമശേരി നഗരസഭയിലെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ കിയോസ്‌ക് കൈകാര്യം ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയെ സുപ്രണ്ട് ഓഫീസിലെ ജീവനക്കാരന്‍ എന്ന നിലയില്‍ സ്വാധീനിച്ചതിലും അനില്‍ കുമാറില്‍ നിന്ന് വ്യക്തത നേടും.
കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറിയതില്‍ ഇയാള്‍ ഏതെങ്കിലും തരത്തില്‍ ഇടനില നിന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വിശദമായ പരിശോധന ആവശ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here