ഒറ്റക്കാക്കിയിട്ട് എങ്ങും പോകില്ലെന്ന് പറഞ്ഞതല്ലേ

ഷഹാനയെ തനിച്ചാക്കി മരണത്തിന്റെ താഴ്വരയിലേയ്ക്ക് പ്രണവ് മറഞ്ഞു. ഹൃദയം കൊരുത്ത് ചേര്‍ത്ത് പിടിച്ച പ്രണയത്തിന് വിട നല്‍കാന്‍ ഷഹാനയ്ക്ക് കരുത്തില്ലായിരുന്നു. കണ്ണുകളില്‍ ഇരുട്ടുകയറി…വാക്കുകള്‍ പതറി…തൊണ്ടയിടറി ഷഹാന അവസാനമായി പ്രണവിനോട് യാത്രപറഞ്ഞു. ‘എന്റെ പൊന്നേ, ഒന്ന് കണ്ണ് തുറക്ക്…എന്നെ തനിച്ചാക്കി പോകല്ലേ..ഒറ്റക്കാക്കിയിട്ട് എങ്ങും പോകില്ലെന്ന് പറഞ്ഞതല്ലേ..എനിക്ക് പേടിയാണെന്ന് അറിയില്ലേ…’ ഷഹാനയുടെയും പ്രണവിന്റെയും പ്രണയതീരത്ത് എത്രത്തോളം വസന്തമുണ്ടായിരുന്നെന്ന് അടിവരയിടുന്നതാണ് പ്രണവിന് ഷഹാന നല്‍കിയ ഈ യാത്രാമൊഴി.

ശരീരം തളര്‍ന്ന് വീല്‍ചെയറിലായി ജീവിതം മാറിമറിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്ന പ്രണവിന്റെ വിയോഗം നാടിനും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പറയാന്‍ വാക്കുകളില്ലാതെ നാടാകെ കണ്ണീരിനാല്‍ സ്തംഭിച്ച അവസ്ഥ. അച്ഛനമ്മമാരെയും ഷഹാനയെയും ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ച സഹോദരി ആതിര പലവട്ടം നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെ തൃശ്ശൂര്‍ കണ്ണിക്കരയിലെ വീട്ടിലായിരുന്നു പ്രണവിന്റെ സംസ്‌കാര ചടങ്ങുകള്‍.

നട്ടെല്ലിന് പരുക്കേറ്റ് ശരീരം തളര്‍ന്ന പ്രണവിനോട് ഷഹാനക്ക് പ്രണയം തോന്നുകയായിരുന്നു. എട്ടു വര്‍ഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിമറിഞ്ഞാണ് പ്രണവിന്റെ നട്ടെല്ലിന് പരുക്കേല്‍ക്കുന്നത്. പിന്നീട് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കുമ്പോള്‍ പ്രണവ് സോഷ്യല്‍മീഡിയയില്‍ ഇട്ട വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്.

ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ പ്രണവ് തന്നെയാണ് ആദ്യം എതിര്‍ത്തത്. നിരുത്സാഹപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും പിന്മാറാന്‍ ഷഹാന തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രണവും ഷഹാനയും ഒന്നിക്കുകയായിരുന്നു. 2020 മാര്‍ച്ച് 4ന് കൊടുങ്ങല്ലൂര്‍ അല ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പ്രണവ് ഷഹാന എന്ന പേരിലാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് രാവിലെ രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രണവ് അവശനാകുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here