ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിനുണ്ടായ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കരകയറുന്നു. വരും വര്‍ഷത്തോടെ നില മെച്ചപ്പെടുമെന്നാണ് ഓഹരി നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. 3.1 ട്രില്യണ്‍ ഡോളര്‍ വിദേശ ഫണ്ടുകള്‍ ഇക്വിറ്റി മാര്‍ക്കറ്റിലേക്ക് തിരിച്ചുവരാന്‍ തുടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അദാനിയുടെ ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസർച്ച് റിപ്പോര്‍ട്ട് വിപണിയെ പിടിച്ചു കുലുക്കിയിരുന്നു. ഓഹരി മാര്‍ക്കറ്റ് ഇപ്പോള്‍ തിരിച്ചു കയറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആഭ്യന്തര ഡിമാന്‍ഡ് കോര്‍പ്പറേറ്റ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന ഇക്വിറ്റി സൂചികകള്‍ നിലവിലെ നിലവാരത്തേക്കാള്‍ ഉയര്‍ന്നതായാണ് കാണിക്കുന്നത്.
പല ഇന്ത്യന്‍ കമ്പനികളുടെയും നിലവാരം ആഗോള കമ്പനികള്‍ക്ക് ഒപ്പമായതിനാല്‍ അദാനിയുടെ വിറ്റുവരവ് ഇന്ത്യയുടെ പ്രശ്നമല്ലെന്നാണ് മുംബൈയിലെ ആല്‍ഡര്‍ ക്യാപിറ്റലിലെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ രാഖി പ്രസാദ് പറഞ്ഞത്. മറ്റ് പല രാജ്യങ്ങളിലും സമാനമായ പ്രശ്നങ്ങള്‍ കാണാം. എന്നാല്‍, ഇന്ത്യന്‍ വിപണിയും അദാനി പ്രശ്‌നവും വേറിട്ട് നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓഹരിവിപണിയിലെ ചാഞ്ചാട്ടം അവസാനിക്കുന്നത് വരെ പുതിയ റോഡ് പദ്ധതികളില്‍ നിക്ഷേപം നടത്തുന്നത് അദാനി ഗ്രൂപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിനിടെ 7017 കോടി രൂപയ്ക്ക് ഊര്‍ജ കമ്പനിയായ ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിക്ക് അദാനി ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ കഴിഞ്ഞാലും ഹിന്‍ഡന്‍ബര്‍ഗ് ഏല്‍പ്പിച്ച ആഘാതം അദാനി മറികടക്കുമോയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here