ജയിച്ചാല്‍ കേരളം സൗദിയിലേക്ക്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് നിര്‍ണ്ണായക മത്സരം. പഞ്ചാബിനെതിരെ വിജയിച്ചാല്‍ സൗദി അറേബ്യയില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തിന് കേരളം യോഗ്യത നേടും. കേരളത്തിനെതിരെ സമനിലമാത്രം മതി പഞ്ചാബിന് യോഗ്യത നേടാന്‍.

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് സെമിയില്‍ കടക്കണമെങ്കില്‍ ജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ നിലവില്‍ 10 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിന് സമനില മാത്രം മതി സെമി ബര്‍ത്ത് ഉറപ്പിക്കാന്‍. 7 പോയിന്റുള്ള കേരളത്തിന് ഇന്ന് ജയിച്ചാല്‍ 10 പോയിന്റുമായി സെമിയില്‍ പന്തുതട്ടാം. ഇരു ടീമിനും തുല്യപോയിന്റ് വരുമ്പോള്‍ മുമ്പ് പഞ്ചാബിനെ വീഴ്ത്തിയ ആനുകൂല്യത്തില്‍ കേരളത്തിന് സെമിയില്‍ കടക്കാന്‍ അവസരം ഒരുങ്ങും.

ഗ്രൂപ്പില്‍ 8 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള കര്‍ണ്ണാടക ഇന്ന് ഒഡീഷയെ നേരിടുന്നുണ്ട്. കേരളം തോറ്റാല്‍ കര്‍ണ്ണാടകയ്ക്ക് വിജയിക്കാതെ തന്നെ സെമിയില്‍ കടക്കാനുള്ള അവസരം ഒരുങ്ങും. പഞ്ചാബിനെതിരെ കേരളം സമനില നേടിയാല്‍ ഇന്ന് പരാജയപ്പെട്ടാല്‍ പോലും കര്‍ണ്ണാടകത്തിന് സെമിയില്‍ കടക്കാന്‍ കഴിയും. കേരളവുമായി ഏറ്റുമുട്ടിയപ്പോള്‍ ജയം കര്‍ണ്ണാടകത്തിനായിരുന്നു എന്നതാണ് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സൗദിയിലെ റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.ചരിത്രത്തില്‍ ആദ്യമായാണ് സന്തോഷ് ട്രോഫി സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ വിദേശ രാജ്യത്ത് നടക്കാന്‍ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here