മദ്യനയ അഴിമതിക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സൂചന. ധനകാര്യ മന്ത്രിയുടെ ചുമതലയുള്ളതിനാല്‍ ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് താനെന്നാണ് സിസോദിയയുടെ വിശദീകരണം. ഫെബ്രുവരി അവസാനത്തോടെ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം സിബിഐയെ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയതായി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. ‘സര്‍വ്വശക്തിയും ഉപയോഗിച്ച് എനിക്കെതിരായി സിബിഐയും, ഇഡിയും പ്രവര്‍ത്തിക്കുകയാണ്. വീട്ടില്‍ റെയ്ഡ് നടക്കുന്നു. ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു. എന്നാല്‍ ഒരിടത്തും എനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ലെ’ന്ന് മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അത് നിര്‍ത്തലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നും അതുണ്ടാകുമെന്നും സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.
ദില്ലിയിലെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയ ദില്ലി എക്സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നല്‍കിയെന്നാണ് സിബിഐയുടെ എഫ്‌ഐആര്‍. എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ മുന്‍ സിഇഒ വിജയ് നായര്‍, പെര്‍നോഡ് റിക്കാര്‍ഡിലെ മുന്‍ ജീവനക്കാരന്‍ മനോജ് റായ്, ബ്രിന്‍ഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമന്‍ദീപ് ധാല്‍, ഇന്‍ഡോസ്പിരിറ്റ്‌സ് ഉടമ സമീര്‍ മഹേന്ദ്രു എന്നിവര്‍ ദില്ലി മദ്യനയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നും സിബിഐ ആരോപിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here