കെ.സിദ്ധാര്‍ത്ഥ്
ബോംബെയില്‍ തുടങ്ങി കറാച്ചി മുതല്‍ കല്‍ക്കട്ട വരെ ഇന്ത്യന്‍ നാവികര്‍ ബ്രിട്ടനെതിരെ പടര്‍ത്തിവിട്ട തീക്കാറ്റാണ് നാവിക കലാപം. ലോകയുദ്ധാനന്തരം ബ്രിട്ടണ്‍ നടത്തിയ ചതിപ്രയോഗത്തിന് നേരെ ഉയര്‍ന്നുവന്ന സമരം കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിലും അണയാത്ത അടയാളമാണ്.
1946 ഫെബ്രുവരി 18 മുതല്‍ ഫെബ്രുവരി 23 വരെ ബ്രിട്ടീഷ് ഭരണം ഞെട്ടിയ ആറു ദിവസമാണ് ബോംബെ നാവിക കലാപം. ബ്രിട്ടന്റെ ജോലിക്കാരും ഇന്ത്യക്കാരുമായ നാവികര്‍ ചേര്‍ന്ന് ബ്രിട്ടനെ ഞെട്ടിച്ച ആറു ദിവസം. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടനും ബ്രിട്ടന്റെ സഖ്യ ശക്തികള്‍ക്കും വേണ്ടി അണിനിരന്നത് 25 ലക്ഷം ഇന്ത്യന്‍ നാവികരാണ്. എന്നാല്‍ വിജയിച്ചപ്പോള്‍ ചതിക്കുകയായിരുന്നു ബ്രിട്ടണ്‍. പരിഗണനക്ക് പകരം ലഭിച്ചത് പിരിച്ചുവിടലും വംശീയ വിവേചനവും വേതനനിഷേധവും. ഇതിനെതിരായ സംഘടിത ശബ്ദമാണ് നാവിക കലാപം.
കൊടിയ അനീതിക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ബോംബെയിലെ നാവികരാണ്. ബ്രിട്ടന്റെ വര്‍ഗീയ നീക്കങ്ങള്‍ക്കും മുകളിലൂടെ പടര്‍ന്നു കയറിയ പ്രതിഷേധാഗ്നി പടിഞ്ഞാറ് കറാച്ചി വരെയും കിഴക്ക് കൊച്ചിയിലൂടെയും വിശാഖപട്ടണത്തിലൂടെയും കല്‍ക്കട്ട വരെയുമെത്തി. പടക്കപ്പലുകളില്‍ ഉയര്‍ന്ന പാറിയിരുന്ന യൂണിയന്‍ ജാക്ക് വലിച്ചു താഴെയിറക്കി, പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പും കോണ്‍ഗ്രസിന്റെ ത്രിവര്‍ണവും മുസ്ലിംലീഗിന്റെ പച്ചയും ചേര്‍ന്ന പതാകകള്‍ ഉയരെപ്പാറി. 250 ഓളം പേര്‍ ജീവന്‍ കൊടുത്ത സമരത്തില്‍ 20,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
വര്‍ഗീയ നീക്കങ്ങളും ജയിക്കാതെ വന്നപ്പോള്‍ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയാണെന്നായിരുന്നു ബ്രിട്ടന്റെ പ്രചാരണം. ബ്രിട്ടനെ വിശ്വസിച്ച മുസ്ലിം ലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും സമരത്തെ കൈവിട്ടു. എന്നാല്‍ പൂര്‍ണ്ണപിന്തുണയുമായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിനൊപ്പം ഉറച്ചുനിന്നു. സമരത്തിനു ശേഷവും അറസ്റ്റും പ്രതികാരവും തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം സ്വന്തം രാജ്യവും ഈ കലാപകാരികളെ അംഗീകരിച്ചില്ല. ബ്രിട്ടന്‍ പിരിച്ചുവിട്ടവരെ ഇന്ത്യയും പാക്കിസ്ഥാനും പിന്നീടൊരിക്കലും തിരിച്ചെടുത്തില്ല. ഭരണകൂടം ചതിച്ചതിന്റെ മുറിവുകള്‍ ഉണ്ടെങ്കില്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമര പടവുകളില്‍ ആവേശമാണ് നാവിക കലാപം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here