രഞ്ജി ട്രോഫിയില്‍ ബംഗാളിനെ 9 വിക്കറ്റിന് കീഴടക്കി സൗരാഷ്ട്രക്ക് കീരീടം. പേസര്‍മാരായ ജയ്ദേവ് ഉനത്ഘട്ടിന്റെയും ചേതന്‍ സക്കറിയയുടെയും ബൗളിംഗ് മികവിലായിരുന്നു സൗരാഷ്ട്രയുടെ കിരീട നേട്ടം. ആദ്യ ഇന്നിംഗ്സില്‍ ഇരുവരും 3 വീതം ബംഗാള്‍ ബാറ്റര്‍മാരെ പവലിയനിലേക്ക് മടക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഉനത്ഘട്ട് 6 വിക്കറ്റും ചേതന്‍ സക്കറിയ 3 വിക്കറ്റും നേടി. ജയ്ദേവ് ഉനത്ഘട്ട് തന്നെയാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും.
ആദ്യ ഇന്നിംഗ്സില്‍ ബംഗാള്‍ 174 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ നേടിയ കൂറ്റന്‍ ലീഡാണ് സൗരാഷ്ട്രയുടെ വിജയത്തിന്റെ അടിത്തറയായത്. ഒന്നാം ഇന്നിംഗ്സില്‍ സൗരാഷ്ട്ര 404 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിലും ബംഗാള്‍ ബാറ്റര്‍മാര്‍ക്ക് സൗരാഷ്ട്രയുടെ പേസ് ദ്വയത്തിന് മുന്നില്‍ അടിപതറി. ബംഗാള്‍ കായികവകുപ്പ് മന്ത്രി കൂടിയായ ക്യാപ്റ്റന്‍ മനോജ് തിവാരി പൊരുതി നോക്കിയെങ്കിലും ബംഗാളിന്റെ രണ്ടാം ഇന്നിംഗ്സ് 241 റണ്‍സിന് അവസാനിക്കുകയായിരുന്നു. മനോജ് തിവാരി 68 റണ്‍സ് നേടി പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര 1 വിക്കറ്റ് നഷ്ടത്തില്‍ കിരീട വിജയം എത്തിപ്പിടിക്കുകയായിരുന്നു.
2019-20 രഞ്ജി സീസണിലും ബംഗാളിനെ കീഴടക്കി സൗരാഷ്ട്ര കിരീടം നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് സൗരാഷ്ട്രയുടെ കിരീടനേട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here