ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധം

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ദില്ലിയില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം. ദില്ലി ജന്തര്‍ മന്തറില്‍ 79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. പ്രതിഷേധത്തില്‍ ദില്ലി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ പങ്കെടുത്തു. ക്രൈസ്തവര്‍ ഇരയായ അക്രമസംഭവങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദീകര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കഴിഞ്ഞ മാസം ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ത്തിരുന്നു. മധ്യപ്രദേശിലെ പലയിടങ്ങളിലും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് വൈദീകരെ അറസ്റ്റ് ചെയ്തിരുന്നതായും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് ദിനംപ്രതി ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമം തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. കേന്ദ്രസേന ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്രൈസ്തവ സംഘടനാ നേതാക്കള്‍ നിവേദനം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here