മയക്കുമരുന്ന് മാഫിയയുടെ ആക്രമണം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കാഞ്ഞങ്ങാട് ഇഖ്ബാല്‍ നഗറില്‍ മയക്കുമരുന്ന് മാഫിയ ആക്രമണം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു ലഹരിമാഫിയയുടെ ആക്രമണം. സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ ജുനൈഫ്, ഷറഫുദ്ധീന്‍, അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അജാനൂര്‍ കടപ്പുറം പാലായിയിലെ നൗഷാദ്, ഇട്ടമ്മലിലെ അഫ്‌സല്‍, ചേറ്റുകുണ്ടിലെ ഇര്‍ഫാന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള പജേറോയിലാണ് സംഘമെത്തിയത്. നാട്ടുകാര്‍ കൂടിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തു.

മയക്കുമരുന്ന് ഉപയോഗിച്ച് രാത്രി സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് ചോദ്യം ചെയ്തവരെയാണ് സംഘം വാഹനമിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി വൈ എഫ് ഐ ഇഖ്ബാല്‍ നഗര്‍ യൂണിറ്റ് സെക്രട്ടറി ജുനൈഫ് സഹോദരന്‍ ഷറഫുദ്ധീന്‍, അബ്ദുള്‍ സമദ് എന്നിവർക്ക് നേരെയായിരുന്നു സംഘത്തിന്റെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ. തുടര്‍ന്ന് ചുറ്റിക കൊണ്ട് ആക്രമിക്കുകയും വാഹനമിടിച്ച് വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തു. പ്രകോപിതരായ ലഹരി മാഫിയ സംഘം സ്‌കൂളിന്റെ മതിലും ഗേറ്റും ഇടിച്ച് തകര്‍ത്തു.

പരുക്കേറ്റ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരുക്കേറ്റ മൂവരും കൊളവയല്‍ ലഹരി മുക്ത ജാഗ്രത സമിതിയുടെ സജീവ പ്രവര്‍ത്തകരാണ്. അക്രമി സംഘത്തിലുള്‍പ്പെട്ടവര്‍ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇതിനുമുൻപും പിടിയിലായവരാണ്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News