എയര്‍ ഇന്ത്യക്ക് പിന്നാലെ വമ്പന്‍ കരാറുമായി ആകാശ എയര്‍

എയര്‍ ഇന്ത്യയുടെ വിമാനംവാങ്ങല്‍ കരാറിന് പിന്നാലെ വലിയ ഓര്‍ഡര്‍ നല്‍കാനൊരുങ്ങി രാജ്യത്തെ പുതിയ എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍. 72 ബോയിംഗ് ജെറ്റ് വിമാനങ്ങളുടെ ഓര്‍ഡറാണ് ഇതുവരെ ആകാശ എയര്‍ നല്‍കിയിട്ടുള്ളത്. 737 മാക്‌സ് ജെറ്റ്‌സ് (MAX jets) എന്ന ഇനത്തില്‍പെട്ട വിമാനമാണ് ആകാശ എയര്‍ ഈ കരാറിലൂടെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ഓര്‍ഡര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നല്‍കിയ ഓര്‍ഡറിന്റെ ഭാഗമായി 17 ബോയിംഗ് വിമാനങ്ങള്‍ ഇതിനോടകംതന്നെ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. പുതിയ കരാറിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ആകാശ എയര്‍.

പ്രവര്‍ത്തനമാരംഭിച്ച് 200 ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടതെങ്കിലും മറ്റ് എയര്‍ലൈന്‍ കമ്പനികളുമായി കടുത്ത മത്സരമാണ് ആകാശ എയര്‍ കാഴ്ചവയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര-അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ വര്‍ധിച്ചതുകാരണമുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് ആകാശ എയറിന്റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ജെറ്റ് എയര്‍വെയിസ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബൈ, ആദിത്യ ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ആകാശ എയര്‍ സ്ഥാപിച്ചത്.

470 വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ബസും ബോയിംഗുമായി കരാറായെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. മുന്‍കാല കരാറുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വിമാനം ഒരുമിച്ച് വാങ്ങുന്നു എന്ന പ്രത്യേകതയും എയര്‍ ഇന്ത്യ ഈ കരാറിലൂടെ സ്വന്തമാക്കിയിരുന്നു. എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വിമാനകരാറാണ് ഇത്. നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാന ഓര്‍ഡര്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here