ടോമും ജെറിയും ഒരു കോക്റ്റൈലും

1940 ല്‍ ഇതു പോലൊരു ഫെബ്രുവരിയിലാണ് ഒരു നീലപ്പൂച്ചയും അവനെ ശല്യപ്പെടുത്തുന്ന കുഞ്ഞനെലിയും വെള്ളിത്തിരയുടെ വെളിച്ചത്തിലേക്കെത്തുന്നത്. മെട്രോ ഗോള്‍ഡ്വിന്‍ മേയര്‍ എന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് ‘പുസ് ഗെറ്റ്സ് ദി ബൂട്സ്’ എന്ന ഈ പരമ്പര കൊണ്ട് വരുന്നത് .അതിനു മുന്‍പ് എംജിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെട്രോ ഗോള്‍ഡ്വിന്‍ മേയര്‍ അതിനു മുന്‍പ് പുറത്തിറക്കിയ അനിമേഷന്‍ പരമ്പരകളെല്ലാം പരാജയപ്പെടുകയായിരുന്നു . അനിമേഷന്‍ രംഗത്തെ തന്നെ ഭീമന്മാരായ വാള്‍ട്ട് ഡിസ്നിയോടും മിക്കി മൗസ് പോലുള്ള പരമ്പരകളോടുമായിരുന്നു അവര്‍ മത്സരിച്ചിരുന്നത് എന്നത് തന്നെ കാരണം. ഈ പരാജയത്തില്‍ നിന്ന് കരകയറാന്‍ പുതിയൊരു പരമ്പര എന്ന ആവശ്യവുമായാണ് എംജിഎം സ്റ്റുഡിയോസ് യുവ അനിമേറ്റര്‍മാരായ ജോസഫ് ബാര്‍ബറയ്ക്കും ഹന്നയ്ക്കും വില്യം ഹന്നയ്ക്കും അരികിലെത്തുന്നത്.

ഒരു വീടിനുള്ളില്‍ വളര്‍ത്തുന്ന പൂച്ചയും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് അവിടെ താമസിക്കുന്ന എലിയുമായിരുന്നു പരമ്പരയിലെ കഥാപാത്രങ്ങള്‍. ആദ്യകാലം മുതല്‍ക്കേ ചിരവൈരികളാണല്ലോ എലിയും പൂച്ചയും.അത് കൊണ്ട് തന്നെ ആ വീട്ടിനുള്ളില്‍ ഇവര്‍ നടത്തുന്ന വഴക്കുകളും, ഓട്ടപ്പാച്ചിലുമെല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ടെലിവിഷന്‍ ജനപ്രിയമായി വരുന്ന കാലഘട്ടമായിരുന്നല്ലോ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനം. ടെലിവിഷനില്‍ പ്രായഭേദമന്യേ എല്ലാവരെയും പിടിച്ചിരുത്തുന്ന പരിപാടിയായി ജോസഫ് ബാര്‍ബറയുടെയും വില്യം ഹന്നയുടെയും ഈ എലിയും പൂച്ചയും കളി മാറി. സ്‌ക്രീനില്‍ ആരും വിളിച്ചിരുന്നില്ലെങ്കിലും പുസ് ഗെറ്റ്സ് ദി ബൂട്ട്സില്‍ പൂച്ചയുടെ പേര് ജാസ്പര്‍ എന്നും എലിയുടെത് ജിന്‍ക്സ് എന്നുമായിരുന്നു.എന്നാല്‍ പിന്നീടുള്ള ചില എപ്പിസോഡുകളില്‍ തോമസ് ജാസ്പര്‍ എന്നും സര്‍ ജെറാള്‍ഡ് ജിന്‍ക്സ് എന്നും ഉപയോഗിച്ച് കാണുന്നുണ്ട്

ഈ ജാസ്പറും ജിന്‍ക്‌സും പിന്നെ എങ്ങിനെ ടോമും ജെറിയും ആയി? നമ്മുടെയെല്ലാം കുട്ടിക്കാലത്തിന്റെ ചിത്രം തയ്യാറാക്കുകയാണെങ്കില്‍ ടോം ആന്‍ഡ് ജെറി ഇല്ലാതെ അത് പൂര്‍ണ്ണമാവില്ല . ആ പേരിലേക്ക് നമ്മുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ എത്തിയതിനു പിന്നിലൊരു കഥയുണ്ട്. ജിന്‍ക്സ് എന്ന പേര് ആര്‍ക്കു നല്കണമെന്നതിനെ ചൊല്ലി ഹന്നയ്ക്കും ബാര്‍ബറയ്ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല ഈ പേരുകള്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പവുമല്ല. പക്ഷെ പുതിയ പേര് എങ്ങിനെ കണ്ടെത്തും? അപ്പോഴാണ് പരിപാടിയുടെ പ്രൊമോഷന്‍ കൂടി വര്‍ദ്ധിപ്പിക്കാം എന്ന ലക്ഷ്യവുമായി ഈ കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ആ മത്സരത്തില്‍ ജോണ്‍ കാര്‍ എന്ന മറ്റൊരു ആനിമേറ്റര്‍ ആണ് ടോം, ജെറി എന്നീ പേരുകള്‍ നിര്‍ദേശിച്ചു കൊണ്ട് വിജയി ആയത് .ആ പേരുകള്‍ വിജയിക്കാനുമൊരു കാരണമുണ്ട് . അക്കാലത്തു യുവാക്കള്‍ക്കും പ്രായമായവര്‍ക്കുമിടയില്‍ ഒരേ പോലെ പ്രിയപ്പെട്ട ഒരു ക്രിസ്മസ് കോക്‌റ്റൈലിന്റെ പേരായിരുന്നു ടോം ആന്‍ഡ് ജെറി എന്നത് .റമ്മും ബ്രാണ്ടിയും എഗ്ഗ്നോഗും ചേര്‍ത്തുണ്ടാക്കുന്ന ഈ ഡ്രിങ്ക് അക്കാലത്തു ക്ലബ്ബുകളിലും പബ്ബുകളിലും മാത്രമല്ല , ക്രിസ്മസ് കാലത്ത് എല്ലാ വീടുകളിലും ഒരേ പോലെ പ്രിയങ്കരമായിരുന്നു അത് കൊണ്ട് തന്നെ ടോം ആന്‍ഡ് ജെറി എന്ന പേര് ജനങ്ങള്‍ക്കിടയില്‍ ആദ്യമേ തന്നെ പതിഞ്ഞു പോയിരുന്നു. പുസ് ഗെറ്റ്സ് ദി ബൂട്സ് അങ്ങിനെ ടോം ആന്‍ഡ് ജെറി ആയപ്പോള്‍ ലഭിച്ച സ്വീകാര്യത ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങിനെ എംജിഎം സ്റ്റുഡിയോയുടെയും അനിമേഷന്റെയും ഒരു കാലഘട്ടത്തെ തന്നെ ടോം ആന്‍ഡ് ജെറി തങ്ങളുടെ പേരിലാക്കി. ചലച്ചിത്ര മേഖലയിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ 7 തവണയാണ് ടോം ആന്‍ഡ് ജെറി നേടിയെടുത്തത്. 13 തവണ ഓസ്‌കര്‍ നോമിനേഷനില്‍ അവസാനഘട്ടത്തിലെത്തുകയും ചെയ്തു. നമ്മുടെയെല്ലാം കുട്ടിക്കാലം ചിരികള്‍ കൊണ്ട് നിറച്ച ഈ എലിയും പൂച്ചയും ഇന്ന് 83-ാം വയസ്സിലും അതെ പുതുമയോടെയും, കുസൃതിയോടെയും നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News