സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് തുടക്കമായി

സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസര്‍കോട്ട് കുമ്പളയില്‍ തുടക്കമായി. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പതാക കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിനും മതനിരപേക്ഷതക്കും എതിരാണെന്ന് ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. വര്‍ഗീയത രാജ്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് കണ്ടാല്‍ കൊന്നുതളളാന്‍ വരെ മടിക്കാത്തവരാണ് സംഘപരിവാര്‍. കഴിഞ്ഞ ദിവസവും അവര്‍ രണ്ട് പേരെ കൊന്നു. കോണ്‍ഗ്രസിന് നേരത്തേ ആര്‍എസ്എസിനോട് താല്‍പര്യമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വര്‍ഗീയതക്കെതിരെ അതിശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ മൂലം ജനജീവിതം ദുരിതത്തിലാവുകയാണ്. കേന്ദ്രം കേരളത്തെ അവഗണിക്കുകയും ചെയ്യുന്നു. എന്നാല്‍, പ്രതിപക്ഷം ഇതിനെക്കുറിച്ച് അരയക്ഷരം സംസാരിക്കുന്നില്ല. പകരം, കേന്ദ്രത്തെ പിന്താങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തിന് ബിജെപിയോട് മൃദുസമീപനമാണ്. താല്‍ക്കാലിക ലാഭത്തിനായി സംഘപരിവാറിനെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. എല്ലാ കാലത്തും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്താണ് ഇടതു പക്ഷം മുന്നോട്ട് പോവുന്നതെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News