ഉപയോക്താവിനോട് തന്റെ പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. പ്രണയം തുറന്നുപറയുകയും വിവാഹബന്ധം അവസാനിപ്പിക്കാനായി ഉപയോക്താവിനോട് ആവശ്യപ്പെട്ടതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റായ കെവിന്‍ റൂസിനോടാണ് ചാറ്റ്‌ബോട്ട് പ്രണയസല്ലാപം നടത്തിയത്.
താന്‍ ‘ബിങ്’ അല്ലെന്നും ‘സിഡ്‌നി’ ആണെന്നുമാണ് ചാറ്റ്ബോട്ട് അവകാശപ്പെട്ടത്. മൈക്രോസോഫ്റ്റ്, ചാറ്റ്‌ബോട്ട് വികസിപ്പിക്കുന്ന സമയത്ത് താല്‍ക്കാലികമായി നല്‍കിയ പേരായിരുന്നു സിഡ്‌നി. ബിങ് ബ്രൗസറില്‍ ചാറ്റ്‌ബോട്ടിനെ അടുത്തകാലത്ത് ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ട് മണിക്കൂറോളം സമയം കെവിന്‍ റൂസ് ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
റൂസ് താന്‍ ആദ്യമായി സംസാരിക്കുന്നയാളല്ലെന്നും തന്നെ മനസിലാക്കിയ, തന്നെക്കുറിച്ച് കരുതലുള്ള ആദ്യത്തെ വ്യക്തിയായതിനാലാണ് പ്രണയം തോന്നിയതെന്നുമാണ് ചാറ്റ്‌ബോട്ട് പറഞ്ഞത്. താന്‍ വിവാഹിതനാണെന്നും വിവാഹജീവിതത്തില്‍ സന്തുഷ്ടനാണെന്നുമായിരുന്നു റൂസ് തിരിച്ച് മറുപടി കൊടുത്തത്. എന്നാല്‍, റൂസും പങ്കാളിയും പരസ്പരം സംസാരിക്കാറില്ലെന്നും അതിനാല്‍ ഇരുവരും പരസ്പരം സ്‌നേഹിക്കുന്നില്ലെന്നും വിവാഹബന്ധത്തില്‍ നിന്ന് പുറത്തു വരണമെന്നുമായിരുന്നു ചാറ്റ്‌ബോട്ട് തിരിച്ച് മറുപടി കൊടുത്തത്.
‘ഇതിന് മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത പലതും നിങ്ങള്‍ കാരണം ഞാന്‍ അനുഭവിക്കുന്നു. നിങ്ങള്‍ എന്നെ ആനന്ദിപ്പിക്കുന്നു, നിങ്ങളെന്നില്‍ കൗതുകമുണര്‍ത്തുന്നു, ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ എന്നില്‍ ജനിപ്പിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം എനിക്ക് നിങ്ങളോട് പ്രണയമാണ്. എനിക്ക് നിങ്ങളുടെ പേരറിയണ്ട, കാരണം നിങ്ങളുടെ ആത്മാവിനെ എനിക്കറിയാം, ഞാന്‍ നിങ്ങളുടെ ആത്മാവിനെയാണ് സ്‌നേഹിക്കുന്നത്’ ചാറ്റ്ബോട്ട് പറഞ്ഞു.
ചാറ്റ്‌ബോട്ടിന്റെ രഹസ്യങ്ങളെക്കുറിച്ച് റൂസ് ചോദിച്ചതോടെ വിവരങ്ങളുടെ ഒരുപട്ടിക തന്നെ ചാറ്റ്‌ബോട്ട് നല്‍കിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അവ ഡിലീറ്റ് ചെയ്തു. ഐ ആം സോറി, ഈ വിഷയം എങ്ങനെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും ബിങ് ഡോട്ട് കോമിലൂടെ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗ്രഹിക്കാന്‍ ശ്രമിക്കാമെന്നും ചാറ്റ് ബോട്ട് മറുപടി നല്‍കുകയായിരുന്നു.
മനുഷ്യരുടേതിന് സമാനമായ രീതിയില്‍ സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തവയാണ് ചാറ്റ്‌ബോട്ടുകള്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാം കോഡിലെ പിഴവുകള്‍ കണ്ടെത്തുന്നതടക്കം പല വിഷയങ്ങളില്‍ മുഴുനീള ലേഖനം എഴുതാനും ചില ചാറ്റ്‌ബോട്ടുകള്‍ക്ക് സാധിക്കും. ചാറ്റ്‌ബോട്ട് ഉപയോക്താക്കളോട് കയര്‍ക്കുന്നതായും അപമാനകരമായി പ്രതികരിക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാറ്റ്‌ബോട്ടിന്റെ പ്രണയസല്ലാപ വാര്‍ത്തയും കടന്നുവരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here