നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

കേരളത്തിലെ ഡിജിറ്റല്‍ സര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍വേ സഭകളടക്കമുള്ള പരിപാടികളിലൂടെ പൊതുജനാഭിപ്രായം രൂപീകരിച്ച് സമയബന്ധിതമായി സര്‍വേ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. സംസ്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തില്‍ ആദ്യമായി ഭൂമി സെറ്റില്‍മെന്റ് രേഖകള്‍ തയ്യാറാക്കുന്നതിനുള്ള വിദഗ്ധരുടെ ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂവുടമസ്ഥത സുരക്ഷിതമാക്കുകയും തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും സുഗമമാക്കുകയും ചെയ്യുന്ന ഭൂഭരണ സംവിധാനം സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂവുടമകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രയോജനപ്പെടുന്ന ന്യായവും നീതിയുക്തവുമായ ഒരു സംവിധാനത്തിന് വഴിയൊരുക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. ‘എല്ലാവര്‍ക്കും ഭൂമി, ആധികാരിക ഭൂരേഖകള്‍, സ്മാര്‍ട്ട് സേവനങ്ങള്‍’ എന്നതാണ് ആധുനികവല്‍ക്കരണത്തിലെ സര്‍ക്കാര്‍ കാഴ്ചപ്പാട്. സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റിസര്‍വേക്ക് തുടക്കം കുറിച്ചു. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.

ഭൂവുടമസ്ഥത സുരക്ഷിതമാക്കി തര്‍ക്കങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്. നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭൂഭരണ സംവിധാനം കൂടുതല്‍ സ്വീകാര്യവും ഉപഭോക്തൃ സൗഹൃദവുമാക്കുന്നതിന് സാങ്കേതികവിദ്യകളും സ്മാര്‍ട്ട് സേവനങ്ങളും ഉപയോഗിക്കുന്നു. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകളുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സേവനങ്ങളെ സമന്വയിപ്പിച്ച് ഒരു പ്ലാറ്റ്ഫോം എന്നതിനാണ് ഗവണ്‍മെന്റ് പരിഗണന നല്‍കുന്നത്. ഭൂവുടമകള്‍ക്ക് ആധികാരിക ഭൂരേഖ നല്‍കുന്നതിന് ലാന്‍ഡ് സൈറ്റില്‍മെന്റ് ആക്ട് ആവശ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായാണ് ആധുനിക ഭൂഭരണ നിര്‍വഹണത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ലോകബാങ്കിലെ ലീഡ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ് മിക്ക പെറ്റേരി, പ്രൊഫ. സോളമന്‍ ബെഞ്ചമിന്‍, നിവേദിത പി. ഹരന്‍, രാജീവ് ചൗള, ചൊക്കലിംഗം, ദീപക് സനന്‍, വികെ. അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News