ഓഹരി വിപണിയിൽ അദാനി തകർന്നു വീണാലും ബാങ്ക് വായ്പ നൽകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന് ബാങ്ക് ഓഫ് ബറോഡ. അദാനിക്ക് ഇനിയും വായ്പ നൽകുമെന്നും ബാങ്ക് വ്യക്തമാക്കി. ധാരാവി പുനർനിർമാണമടക്കമുള്ള പദ്ധതികളിൽ അദാനിക്ക് ഇനിയും പണം നൽകുമെന്നും ഈട് നോക്കിയേ വായ്പ നൽകാറുള്ളൂ എന്നും ബാങ്ക് ഓഫ് ബറോഡ സിഇഒ സഞ്ജീവ് ഛദ്ദ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ഇതുവരെ എത്ര രൂപ അദാനിക്ക് വായ്പ നൽകിയിട്ടുണ്ടെന്ന ചോദ്യത്തിന് ബാങ്കിന് മറുപടിയില്ല എന്നതും ശ്രദ്ധേയമാണ്.
ആസ്തി മൂന്നിലൊന്നായി ചുരുങ്ങിയ അദാനിക്ക് ഇതുവരെയുള്ള നഷ്ടം 135 ബില്യൺ ഡോളറാണ്. ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ലോകത്തിലെ കോടീശ്വരന്മാരിൽ രണ്ടാം സ്ഥാനക്കാരനായിരുന്ന ഗൗതം അദാനി ഒരുമാസം കൊണ്ട് സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ്. 150 ബില്യൺ ഡോളർ ആയിരുന്ന അദാനിയുടെ സ്വകാര്യ ആസ്തി ഇന്ന് മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുകയാണ്. ലോക കോടീശ്വരന്മാരിൽ 25-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അദാനി ഇന്ത്യയിലും മുകേഷ് അംബാനിക്കും പിന്നിലായി. അദാനി ഗ്രൂപ്പിൻറെ 70% ഓഹരി മൂലധനവും നഷ്ടപ്പെട്ടതോടെ തകർച്ചയിൽ നിന്ന് കരകയറുന്നതിന് നല്ലപോലെ പ്രയത്നിക്കേണ്ടി വരുമെന്നുള്ള കാര്യം തീർച്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here