കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് സംഘമാണെന്ന് ക്രൈംബ്രാഞ്ച്. ആശ്രമം ആക്രമിച്ചവരുടെ സംഘത്തില്‍ മരിച്ച പ്രകാശും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രകാശിനൊപ്പം ബൈക്കില്‍ മറ്റൊരാളും ഉണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
അക്രമിസംഘം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നായി ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതേസമയം, പ്രകാശിന്റെ മരണത്തില്‍ അറസ്റ്റിലായവര്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാള്‍ക്ക് പ്രകാശിന്റെ മരണത്തിലും ആശ്രമം കത്തിക്കല്‍ കേസിലും പങ്കുണ്ടെന്നാണ് നിഗമനം.
ആശ്രമത്തിന്‍റെ മുന്നില്‍ വയ്ക്കാന്‍ റീത്ത് എത്തിച്ചത് താനാണെന്ന് പ്രതി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റീത്ത് എത്തിച്ചത് കൊച്ചുകുമാര്‍ എന്ന കൃഷ്ണകുമാര്‍ ആണെന്നും ക്രൈംബ്രാഞ്ചിനോട് കൃഷ്ണകുമാര്‍ കുറ്റം സമ്മതിച്ചെന്നും സൂചനയുണ്ട്.
കുണ്ടമണ്‍ സ്വദേശികളായ രാജേഷ്, വലിയ കുമാര്‍ എന്ന ശ്രീകുമാര്‍, കൊച്ചുകുമാര്‍ എന്ന കൃഷ്ണകുമാര്‍,സതികുമാര്‍, എന്നിവരാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ കൃഷ്ണകുമാര്‍ ഒഴികെ മറ്റു മൂന്ന് പേര്‍ക്കും ആശ്രമം തീയിട്ട കേസില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
2018 നവംബറിലായിരുന്നു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്. കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തിൽ കത്തിയമര്‍ന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.
സംഭവത്തെ തുടര്‍ന്ന് നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവദിവസം ആശ്രമത്തിന് മുന്നില്‍ റീത്ത് കൊണ്ടുവച്ചത് താനാണെന്നും റീത്ത് കെട്ടി നല്‍കിയത് പ്രകാശനാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രകാശിനെ 2022 ജനുവരി മൂന്നിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പാണ് സുഹൃത്തുക്കളായ പ്രതികള്‍ പ്രകാശിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ആദ്യം വെളിപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here