കൊച്ചിക്കാര്‍ക്ക് ഇനി കുടിവെള്ളം മുട്ടില്ല

കൊച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കുടിവെള്ള ടാങ്കര്‍ ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ പത്തോളം ടാങ്കറില്‍ വെള്ളം വിതരണം ചെയ്യാനാണ് തീരുമാനം. വാട്ടര്‍ അതോറിറ്റിയുടെ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ടാങ്കറുകള്‍ക്ക് സൗജന്യമായി കുടിവെളളം ശേഖരിക്കാമെന്നും നിര്‍ദ്ദേശം. ടാങ്കര്‍ ഉടമകളുമായി എറണാകുളം കളക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതാണ് കൊച്ചി കോര്‍പ്പറേഷന്‍, പശ്ചിമകൊച്ചി തുടങ്ങിയ ഇടങ്ങൾ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കിയത്. നിലവില്‍ തകരാര്‍ പരിഹരിക്കുന്നതുവരെ ബദല്‍ മാര്‍ഗമായി ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുക തന്നെയാണ് പ്രധാന പോംവഴി. അതിനാലാണ് ടാങ്കറുകള്‍ ലഭ്യമാക്കുന്ന തീരുമാനത്തിലേക്ക് എറണാകുളം ജില്ലാ ഭരണകൂടം എത്തിച്ചേര്‍ന്നത്.

ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു മുതല്‍ പൂര്‍ണ തോതില്‍ കുടിവെള്ളം വിതരണം ചെയ്തു തുടങ്ങും. പ്രതിസന്ധി തരണം ചെയ്യുന്നതുവരെ സമീപ ജില്ലയായ ആലപ്പുഴയിലെ വാട്ടര്‍ അതോറിറ്റി വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വെള്ളം ശേഖരിക്കും. ആലുവയിലെ വിതരണ കേന്ദ്രത്തില്‍ നിന്നും വലിയ ടാങ്കറുകളില്‍ വെള്ളമെടുക്കാമെന്ന് കളക്ടര്‍ നിർദ്ദേശം നല്‍കി.

വാട്ടര്‍ അതോററ്റിയുടെ ജല വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ടാങ്കറുകള്‍ക്ക് സൗജന്യമായി വെള്ളം ശേഖരിക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കാക്കനാട് കളക്ട്രേറ്റ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം, ആര്‍ടിഒ, തഹസില്‍ദാര്‍മാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമേ കുടിവെള്ള ടാങ്കര്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News