പത്തനംതിട്ട അടൂരില്‍ വീടുകയറി ആക്രമിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ കണ്ടാല്‍ അറിയാവുന്ന 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുജാതയുടെ മരണമൊഴിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ അടൂര്‍ പൊലീസ് ആണ് പ്രതികളെ തിരിച്ച് അറിഞ്ഞത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ സുജാതയുടെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ഞായറാഴ്ച വൈകിട്ട് നടന്ന വീടുകയറിയുള്ള ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളില്‍ രണ്ടുപേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട സുജാതയുടെയും പ്രദേശവാസികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന 12 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലുമായി അടിപിടിയുണ്ടാക്കിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്.
കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനും, തുടര്‍ന്ന് ഇവരുമായി തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഒളിവില്‍ പോയ അക്രമി സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെയും വേഗത്തില്‍ പിടികൂടാനാകും എന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
ഏനാത്ത് കുറുമ്പക്കര സ്വദേശികളായ ശരണും സന്ധ്യയും തമ്മിലുണ്ടായ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് നടന്ന അടിപിടിയാണ് ഞായറാഴ്ച രാത്രി മാരൂരിലെ വീടാക്രമണത്തില്‍ കലാശിച്ചത്. ഗുണ്ടാ തലവന്മാരായ സുജാതയുടെ മക്കള്‍ ശരണിന്റെ വീടുകയറി ആക്രമണം നടത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് സുജാത മരണപ്പെട്ടത്. സുജാതയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം കുറുമ്പക്കരയിലും മാരൂരിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് അടൂരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here