ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ സുദർശനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
നൂറിലധികം പേരുടെ മൊഴികൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കാണാതായ ദിവസം വിശ്വനാഥനുമായി സംസാരിച്ച എട്ടുപേരുടെ മൊഴികളാണ് ഇതിൽ പ്രധാനം. അതേദിവസം വിശ്വനാഥനുമായി സംസാരിച്ച ചിലരെക്കൂടി തിരിച്ചറിയാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനകളടക്കം നിലവിൽ നടന്നുവരുന്നു. കുടുംബം ഉന്നയിച്ച പരാതികളിലും അന്വേഷണം നടക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും എസിപി മനുഷ്യാവകാശ കമ്മീഷന് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 11നാണ് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിശ്വനാഥനെതിരെ മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here