സമസ്ത യുവജനവിഭാഗത്തിന്റ വിലക്ക് ലംഘിച്ച് സാദിഖലി തങ്ങള്‍. സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന നിര്‍ദ്ദേശമാണ് സാദിഖലി തങ്ങള്‍ ലംഘിച്ചത്. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടനം ചെയ്ത സാദിഖലി, വാഫി- വഫിയ്യ കോഴ്സിനെ പുകഴ്ത്തുകയും ചെയ്തു. എസ്‌വൈഎസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് സാദിഖലി തങ്ങള്‍.
ഹക്കീം ഫൈസി സിഐസി ഭാരവാഹിയായി തുടരുന്ന സാഹചര്യത്തിലായിരുന്നു സമസ്തയുടെ നടപടി. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസുമായുള്ള എല്ലാ ബന്ധവും കഴിഞ്ഞ ദിവസം സമസ്ത ഉപേക്ഷിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സമസ്ത യുവജന വിഭാഗമായ എസ്‌ഐഎസ്, ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന കര്‍ശന നിര്‍ദ്ദേശം സാദിഖലി തങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ സംഘടനയുടെ വിലക്ക് സംസ്ഥാന പ്രസിഡന്റ് തന്നെ ലംഘിക്കുന്ന നില ഉണ്ടായി. വാഫി- വഫിയ്യ അത്ഭുതം സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണെന്ന് കോളേജ് ഉദ്ഘാടനം ചെയ്ത സാദിഖലി തങ്ങള്‍ പറഞ്ഞു.
ഹക്കീം ഫൈസി ജനറല്‍ സെക്രട്ടറിയായ സിഐസി നേരിട്ട് തുടങ്ങിയ സ്ഥാപനമാണ് നാദാപുരത്തെ കോളേജ്. സാദിഖലി തങ്ങളുടെ വേദി പങ്കിടല്‍ വിവാദമായതോടെ സമസ്ത യുവജന വിഭാഗത്തിന്റെ അടിയന്തര യോഗം ബുധനാഴ്ച ചേരാന്‍ തീരുമാനമായി. ഇതില്‍ വിഷയം ചര്‍ച്ച ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here