ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്‌നാട്ടിലെ 50 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍എസ്എസ് തീരുമാനം. മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ അത് നടന്നില്ല. മൂന്ന് ഘട്ടമായി മാര്‍ച്ച് നടത്താന്‍ പിന്നീട് മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിന് മാര്‍ച്ച് നടത്താനുള്ള തീരുമാനം നടപ്പാക്കാനായില്ലെങ്കിലും മറ്റേതെങ്കിലും ദിവസങ്ങളില്‍ അതിനായി തെരഞ്ഞെടുക്കാം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
അതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കരുത് എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. ഗാന്ധി വധത്തിന്റെ പേരില്‍ ആരോപണത്തിന്റെ നിഴലിലാണ് സംഘപരിവാര്‍ സംഘടനകള്‍. അങ്ങനെയുള്ള ആര്‍എസ്എസ് ഗാന്ധിജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചത് ദുരുദ്ദേശപരമെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവും ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്ളതിനാല്‍ ആര്‍എസ്എസ് മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന് സംസ്ഥാനസര്‍ക്കാരും വാദിക്കുന്നു.
അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ രാഷ്ട്രീയമായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനാണ് സംഘപരിവാര്‍ തീരുമാനം. അതിന്റെ ഭാഗമാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് പദ്ധതിയെന്ന് വിമര്‍ശനങ്ങളും ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here