ഏകനാഥ് ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ച് പാർട്ടി പേരും അമ്പും വില്ലും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഉദ്ധവിന് വേണ്ടി ഹാജരാകുക.
ലോക്‌സഭയിലെ ശിവസേനയുടെ ഓഫീസും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചതിന് പിന്നാലെയാണ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്.സേനയുടെ സ്വത്തുക്കളും സാമ്പത്തികവും നിയന്ത്രിക്കുന്നതിൽ നിന്ന് ഷിൻഡെയെ വിലക്കണമെന്ന് ഉദ്ധവ് വിഭാഗം ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം മുംബൈയിലെ ശിവസേന ഭവനിൽ അവകാശവാദം ഉന്നയിക്കില്ലെന്ന് ഏക്‌നാഥ് ഷിൻഡെ തിങ്കളാഴ്ച പറഞ്ഞിരുന്നു. മുബൈയിലെ ശിവസേന ഭവനിലോ ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ മറ്റ് സ്വത്തുക്കളിലേക്കോ തന്‍റെ പാർട്ടി കൈകടത്തില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് പാർട്ടി പേരും ചിഹ്നവും ലഭിച്ചത് യോഗ്യതയുണ്ടായതിൻ്റെ അടിസ്ഥാനത്തിലാണ്. ബാലാസാഹേബ് താക്കറെ പ്രോത്സാഹിപ്പിച്ച ചിന്താധാരയാണ് തങ്ങളുടെ പാരമ്പര്യം. അതുകൊണ്ട് മറ്റ് സ്വത്തുക്കളൊന്നും ആഗ്രഹിക്കുന്നില്ലെന്നും ഷിൻഡെയെ പറഞ്ഞിരുന്നു.
എന്നാൽ മുംബൈയിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ശിവസേനയുടെ പുതിയ അധ്യക്ഷനായി ചൊവ്വാഴ്ചയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here