ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഉണ്ടായ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസം അതീവ ഗൗരവമെന്ന് പഠന റിപ്പോര്‍ട്ട് . ഉത്താരഖണ്ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കും. ജോഷിമഠിലെ മനോഹര്‍ ബാഗില്‍ ഉണ്ടായ വിള്ളലിന് രണ്ടടി വീതിയും അര കിലോമീറ്റര്‍ ദൂരവുമുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് എന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
സ്വാഭാവികമായി സംഭവിച്ചതും എന്‍ടിപിസിയുടെ ടണല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായും ഉണ്ടായതാകാം ഈ വിള്ളല്‍. എന്‍ടിപിസിയുടെ ടണല്‍ നിര്‍മ്മാണത്തിലൂടെ വലിയ തോതില്‍ ഭൂഗര്‍ഭജലച്ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ജോഷിമഠിലുണ്ടായ വിള്ളലുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഭവിച്ചതല്ലെന്നാണ് എന്‍ടിപിസിയുടെ അവകാശ വാദം.
ഡിസംബര്‍, ജനുവരി മാസങ്ങളിലായാണ് ഉത്തരാഖണ്ഡിനെ ആശങ്കയിലാഴ്ത്തി ജോഷിമഠില്‍ ഭൂമി വിണ്ടുകീറാന്‍ തുടങ്ങിയത്. വീടുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ദുരന്ത സാധ്യത മുന്നില്‍ക്കണ്ട് ജോഷിമഠിലെ നിരവധി ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ഏതാണ്ട് ആയിരത്തോളം വീടുകള്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് താമസയോഗ്യമല്ലാതായി. ബദരിനാഥ് ദേശീയ പാതയിലും പിന്നീട് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് വിദഗ്ധ പഠനത്തിന് സര്‍വ്വകലാശാല സമിതിയെ ചുമതലപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here