ഫോൺ ചോർത്തൽ കേസ്: മനീഷ് സിസോദിയയെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതി

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫോൺ ചോർത്തൽ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. 2015ൽ ദില്ലി സർക്കാർ വിവിധ രാഷ്ട്രീയ പാർട്ടികളെ നിരീക്ഷിക്കാൻ ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) എന്ന രാഷ്ട്രീയ രഹസ്യാന്വേഷണ വിഭാഗത്തിന് രൂപം നൽകിയിരുന്നുവെന്ന സിബിഐ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ദില്ലി മദ്യനയ അഴിമതി ആരോപണക്കേസിലും സിസോദിയക്കെതിരെ സിബിഐയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ നീക്കം. സിസോദിയയെ വിചാരണ ചെയ്യാൻ സിബിഐ ദില്ലി ലെഫ്റ്റണന്റ് ഗവർണർ വി കെ സക്‌സേനയോട് അനുമതി ചോദിച്ചിരുന്നു. അദ്ദേഹം സിബിഐ അഭ്യർത്ഥന അംഗീകരിക്കുകയും അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.

സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ഫോൺ ചോർത്താൻ 2015ൽ എഎപി സർക്കാർ നിയമ വിരുദ്ധമായി അന്വേഷണ സംഘത്തിനെ നിയോഗിച്ചുവെന്നാണ് ആരോപണം.സർക്കാരിന്റെ വിജിലൻസ് വകുപ്പ് മേധാവിയായിരുന്ന സിസോദിയയ്ക്കായിരുന്നു ഇതിന്റെ പ്രധാന ചുമതല എന്നാണ് സിബിഐ എഫ്‌ഐആറിൽ ആരോപിക്കുന്നത്.

നിയമസഭയുടെയോ ജുഡീഷ്യൽ സംവിധാനത്തിൻ്റെയോ അറിവോടെയല്ലാതെ നിയമിച്ച ഈ നിരീക്ഷണ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻ്റെ അടുത്ത സഹായികളും ഉപദേശകരുമാണ് നിയന്ത്രിച്ചതെന്നും സിബിഐ ആരോപിക്കുന്നു. എഫ്ബിയുവിന് അനുവദിച്ച നിയമവിരുദ്ധമായ കണക്കിൽപ്പെടാത്ത രഹസ്യ പ്രവർത്തന ഫണ്ടിനെപ്പറ്റിയും സിബിഐ റിപ്പോർട്ടിൽ പരാമർശമുണ്ട്.

എന്നാൽ എഎപി നേരത്തെ ഈ ആരോപണങ്ങൾ തള്ളിയിരുന്നു. ഇതുവരെ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ദില്ലി പൊലീസ് എന്നിവർക്കും പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ 163 കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു കേസ് പോലും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിൽ 134 കേസുകൾ കോടതി തള്ളിക്കളഞ്ഞു.ബാക്കിയുള്ള കേസുകളിലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന് ഒരു തെളിവും നൽകാൻ കഴിഞ്ഞില്ല. ഈ കേസുകൾ എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News