വനിതാ ഹാസ്യ താരമെന്ന നിലയില്‍ പ്രശസ്തി നേടിയ സുബി സുരേഷിന്റെ മരണം വലിയ ഞെട്ടലാണ് സിനിമാ സീരിയല്‍ രംഗത്ത് ഉണ്ടാക്കിയത്. കോമഡി രംഗത്തെ പുരുഷ മേല്‍ക്കോയ്മയെ മറികടന്ന് സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത താരമായിരുന്നു സുബി സുരേഷ്. സുബി സുരേഷിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമായിരുന്നുവെന്നും സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സുബി സുരേഷിന്റെ മരണവാര്‍ത്ത അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ഒട്ടേറെ സിനിമകളിലും വേദികളിലുമായി പ്രേക്ഷക പ്രീതി നേടാന്‍ കഴിഞ്ഞ കലാകാരിയാണ് അകാലത്തില്‍ വിടവാങ്ങിയത് എന്ന് മന്ത്രി പറഞ്ഞു. സിനിമയിലും ടി വി ഷോകളിലുമായി ഇനിയുമൊട്ടേറെ ദൂരം സഞ്ചരിക്കുവാന്‍ സര്‍ഗ്ഗശേഷിയുണ്ടായിരുന്ന പ്രതിഭയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. സുബി സുരേഷിന്റെ സഹപ്രവര്‍ത്തകരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
നടന്മാരായ മാമുക്കോയ,ജയറാം,കലാഭവന്‍ നവാസ്,ടിനി ടോം തുടങ്ങി സിനിമാരംഗത്തുള്ളവരും അനുശോചനം രേഖപ്പെടുത്തി. ഞെട്ടിച്ച വാര്‍ത്ത എന്നായിരുന്നു മാമുക്കോയുടെ പ്രതികരണം. അതീവ ദു:ഖമെന്ന് ജയറാം പറഞ്ഞു.മറക്കാത്ത ഓര്‍മ്മയായി സുബി, ആദരാഞ്ജലികള്‍’ എന്നായിരുന്നു നടന്‍ ദിലീപിന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here