എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടെയും അന്തരീക്ഷം വളരെ പ്രധാനമാണ്.

ആശുപത്രിക്ക് അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ കാലതാമസമില്ലാതെ പരിഹരിക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

അത്യാഹിത വിഭാഗം മുതല്‍ ഗ്യാപ്പ് അനാലിസിസ് നടത്തി പോരായ്മകള്‍ പരിഹരിച്ച് സേവനം മെച്ചപ്പെടുത്തണം. അത്യാഹിത വിഭാഗത്തില്‍ ട്രയാജ് സംവിധാനം നടപ്പാക്കണം. ജീവനക്കാരുടെ കുറവുകള്‍ പരിഹരിച്ച് സുരക്ഷിതവും രോഗീസൗഹൃദമായ അന്തരീക്ഷം ഉറപ്പാക്കണം. ലാബുകളുടെ പ്രവര്‍ത്തനം മികച്ചതാക്കണം. ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും കൃത്യസമയത്ത് കേടുപാടുകള്‍ തീര്‍ക്കുകയും വേണം.

ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. സ്‌കാനിംഗ് സംവിധാനവും റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണം. എല്ലാവരും കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗീപരിചരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് പരിഹാരം തേടുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News