മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷ സംഘർഷം. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സഭാ നടപടികൾ നടക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ബിജെപി കൗണ്‍സിലര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് മേയറായി തെഞ്ഞെടുക്കപ്പെട്ട ആം ആദ്മിയുടെ ഷെല്ലി ഒബ്റോയ് ആരോപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ സഭയ്ക്കുള്ളില്‍ പരസ്പരം വെള്ളക്കുപ്പികള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബഹളത്തിനിടയിൽ ബിജെപി കൗൺസിലർമാർ വേദിയിൽ കയറുന്നതും മേയറെ വളയുന്നതും ദൃശ്യങ്ങളിൽ കാണാം.സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് എഎപി അറിയിച്ചു.
സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തുന്നതിനിടെയാണ് കോര്‍പ്പറേഷനില്‍ എഎപി-ജിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മുനിസിപ്പൽ കോർപ്പറേഷനിൽ അരങ്ങേറിയ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം തികച്ചും ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ നിലപാടുകൾ മേയറെ അറിയിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നായിരുന്നു ബിജെപിയുടെ വാദം. പറയാനുള്ളത് കേൾക്കണമെന്നും അത് ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മേയറോട് സംസാരിക്കാൻ പോകുക മാത്രമാണ് ചെയ്തതെന്ന് ബിജെപി അംഗം ശിഖ റായ് പറഞ്ഞു.
തെരഞ്ഞെടുപ്പിനിടെ ചില അംഗങ്ങൾ മൊബൈൽ ഫോൺ കൈവശം വെച്ചെന്നാരോപിച്ച് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള വാക്കേറ്റമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പേനയും സെൽഫോണും കൊണ്ടുപോകുന്നത് അനുവദനീയമല്ല. ഇത് എഎപി അംഗങ്ങള്‍ പാലിച്ചില്ലെന്നാണ് ബിജെപിയുടെ പരാതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here